വടക്കൻ കേരളത്തിൽ കനത്തമഴ; വ്യാപക നാശനഷ്ടം

കൊഴിക്കോട്‌:വടക്കൻ കേരളത്തിൽ പെയ്യുന്ന കനത്ത മഴ വ്യാപക നാശനഷ്ടം സൃഷ്ടിച്ചു.  മലയോരമേഖലകളിൽ പലയിടത്തും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് കക്കാടംപൊയിലിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്ന് കോടഞ്ചേരി താലൂക്കിലെ സ്‌കൂളുകൾക്ക് അവധി നൽകി. കണ്ണൂർ ജില്ലയിലെ അഞ്ചിടങ്ങളിൽ ഉരുൾപൊട്ടി. പയ്യാവൂർ ഷിമോഗ കോളനി, ആടാംപാറ, മുടിക്കയംമല, പേരട്ട ഉപദേശികുന്ന്, ആറളം വനം എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. വെള്ളം കുത്തിയൊഴുകിയതിനെ തുടർന്ന് വഞ്ചിയം ആടാംപാറ റോഡ് തകർന്നു. ചിലയിടങ്ങളിൽ കൃഷിയും നശിച്ചിട്ടുണ്ട്.

വയനാട്ടിലും കനത്ത മഴ തുടരുകയാണ്. പലയിടത്തും വെള്ളം കയറി. മഴ തുടരുന്നതിനാൽ ഡാമുകളിലും പുഴകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ശക്തമായ മലവെള്ളപ്പാച്ചിലിന് സാധ്യതയുളളതിനാൽ മഴ കുറയുന്നത് വരെ ഡാമുകളിലും പുഴകളിലും ഇറങ്ങാതെ സൂക്ഷിക്കാൻ നിർദേശമുണ്ട്. കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നതിനാൽ ജില്ലയിലെ മുഴുവൻ ക്വാറികളുടേയും പ്രവർത്തനം നിർത്തി വെയ്ക്കാനും കളക്ടർ ഉത്തരവിട്ടു

ബാവലി, ചീങ്കണ്ണി, കാഞ്ഞിരപുഴകൾ കരകവിഞ്ഞൊഴുകുകയാണ്. മലയോര ഹൈവേയിൽ വിവിധ സ്ഥലങ്ങളിൽ വെള്ളം കയറി. ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ മലയോര മേഖലയിൽ തുടരുകയാണ്. മാക്കൂട്ടം പെരുമ്പാടി ചുരം പാതയിലെ മെതിയടിപ്പാറയിൽ മരം റോഡിനു കുറുകെ കടപുഴകി വീണതിനെ തുടർന്ന് സംസ്ഥാനപാതയിൽ രാത്രി ആറു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടിരുന്നു. ബാണാസുര സാഗറിന്റെ നാലാമത്ത ഷട്ടറും തുറന്നു. ശക്തമായ മഴ മൂലം ലക്കിടി, തരിയോട് പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ഭീഷണി ഉള്ളതിനാൽ ഗവ. എൽ.പി സ്‌കൂൾ ലക്കിടി, ഗവ. എൽ.പി സ്‌കൂൾ, തരിയോട് എന്നിവിടങ്ങളിൽ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.