മോർച്ചറിയിൽ നിന്ന് മൃതദേഹങ്ങൾ മാറി നൽകി; സംസ്‌കരിച്ച മൃതദേഹം തിരിച്ചെടുത്തു

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ നിന്ന് സംസ്‌കരിക്കാൻ വിട്ടു നൽകിയ മൃതദേഹങ്ങൾ മാറിപ്പോയി. എഴുകോൺ കാരുവേലിൽ മണിമംഗലത്ത് തങ്കമ്മ പണിക്കരുടെ മൃതദേഹം സ്വീകരിക്കാൻ ആശുപത്രിയിൽ എത്തിയപ്പോൾ ആയിരുന്നു മൃതദേഹം മാറി പോയ കാര്യം ബന്ധുക്കൾ അറിയുന്നത്.

കലയപുരം ‘ആശ്രയ’ അഗതി മന്ദിരത്തിലെ അന്തേവാസി ചെല്ലപ്പന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനു പകരം അധികൃതർ വിട്ടു നൽകിയത് തങ്കമ്മ പണിക്കരുടെ മൃതദേഹമായിരുന്നു. ഓഗസ്റ്റ് അഞ്ചിനു മരണമടഞ്ഞ തങ്കമ്മയുടെ മൃതദേഹം, ഇന്നു മാറനാട് പള്ളിയിൽ നിശ്ചയിച്ച സംസ്‌കാരത്തിനായി കൊണ്ടുപോകാൻ ബന്ധുക്കൾ എത്തിയപ്പോഴാണു സംഭവം പുറത്ത് അറിയുന്നത്. തങ്കമ്മ പണിക്കരുടെ സംസ്‌കരിച്ച മൃതദേഹം പൊലീസ് സാന്നിധ്യത്തിൽ ഇന്ന് ഉച്ചയോടെ പോളയത്തോട് ശ്മശാനത്തിൽ നിന്നു തിരിച്ചെടുത്തു.

മൃതദേഹം സൂക്ഷിച്ച പെട്ടി മാറിപ്പോയെന്നായിരുന്നു മോർച്ചറിയുടെ ചുമതലക്കാരുടെ വിശദീകരണം. പോളയത്തോട് ശ്മശാനത്തിൽ ആറാം തീയതിയാണ് സംസ്‌കാരം നടന്നത്. പരാതിയിൽ പൊലീസ് കേസെടുത്ത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ മോർച്ചറി മുദ്രവച്ചു. ഇതിനു ശേഷമാണ് പോളയത്തോട് ശ്മശാനത്തിൽ നിന്ന് മൃതദേഹം തിരിച്ചെടുത്തത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ മോർച്ചറി അടിച്ചു തകർത്തു.