ഇടുക്കിയിലെ ജലനിരപ്പ് താഴാത്തതിനാൽ ട്രയൽ റൺ തുടരാൻ കെഎസ്ഇബി തീരുമാനം

ഇടുക്കി: ചെറുതോണിയിലെ ഒരു ഷട്ടർ ഉയർത്തിയിട്ടും ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയാത്ത സാഹചര്യത്തിൽ ട്രയൽ റൺ തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. ഇടുക്കി ജില്ലാ ഭരണകൂടത്തെയാണ് ട്രയൽ റൺ തുടരുമെന്ന കാര്യം കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് ഇടുക്കിയിലെ അഞ്ച് ഷട്ടറുകളിൽ ഒന്ന് 50 സെൻറിമീറ്റർ ഉയർത്തിയത്. നാല് മണിക്കൂർ സമയത്തേയ്ക്കായിരുന്നു ഇത് നിശ്ചയിച്ചിരുന്നത്. എന്നാൽ 50 സെന്റീമീറ്റർ ഉയർത്തി വെള്ളം പുറത്തേക്കൊഴുകി രണ്ടരമണിക്കൂർ കഴിഞ്ഞിട്ടും ഡാമിലെ ജലനിരപ്പ് കുറഞ്ഞില്ല. അതേ സമയം കൂടുകയും ചെയ്തു.

കനത്ത മഴ തുടരുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരാൻ തന്നെയാണ് സാധ്യത. ഉച്ചയ്ക്ക് ശേഷം 3.05ന് 2399.40 അടിയായി ജലനിരപ്പ്. വെള്ളം ഒഴുക്കി വിട്ടിട്ടും ഇടുക്കിയിലെ ജലനിരപ്പ് താഴാത്തതിനാൽ ട്രയൽ റൺ തുടരാൻ കെഎസ്ഇബി തീരുമാനിക്കുകയായിരുന്നു.ജലനിരപ്പ് ഉയർന്നു തന്നെ നിൽക്കുകയാണെങ്കിലും കൂടുതൽ ഷട്ടറുകൾ തുറക്കുന്ന കാര്യവും കെഎസ്ഇബി ആലോചിക്കുന്നുണ്ട്. എന്നാൽ മുന്നറിയിപ്പുകൾക്ക് ശേഷം മാത്രമേ കൂടുതൽ ഷട്ടറുകൾ തുറക്കൂ എന്നും ആശങ്ക വേണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.