കനത്തമഴ: ഇടുക്കിയിൽ മൂന്നാം ഷട്ടറും തുറന്നു

ഇടുക്കി: കനത്ത മഴയെ തുടർന്ന് രാവിലെ ഏഴ് മണിയോടെ രണ്ടും മൂന്നും ഷട്ടറുകൾ തുറന്നു. 40 സെൻറീ മീറ്ററാണ് ഷട്ടറുകൾ തുറന്നിരിക്കുന്നത്. സെക്കൻഡിൽ ഒന്നേര ലക്ഷം ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് വിടുന്നത്. കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുകയാണ്. മഴ തുടരുന്നത് മൂലം കൂടുതൽ ജലം തുറന്നു വിടാനുള്ള തീരുമാനത്തിലാണ് കെഎസ്ഇബി. ചെറുതോണി ടൗണിൽ നിന്ന് കൂടുതൽ പേരെ ഒഴിപ്പിച്ചു. പെരിയാറിന്റെ തീരത്തുള്ളവർക്ക് അതീവ ജാഗ്രതാ നിർദ്ദേശം. ചെറുതോണിയിൽ ഗതാഗതം നിരോധിച്ചു. ഇടുക്കി ഏതാണ്ട് ഒറ്റപ്പെട്ടനിലയിലാണ്.

ചെറുതോണി ഡാമിൽ നിന്ന് ഇരട്ടിയിലേറെ വെള്ളമാണ് തുറന്നുവിടുന്നത്. ഏഴ് മണിക്ക് രണ്ടാം ഷട്ടറും നിമിഷങ്ങൾക്കുള്ളിൽ മൂന്നാം ഷട്ടറും തുറക്കുകയായിരുന്നു. നേരത്തെ റെഡ് അലർട്ട് വന്ന് നാല് മണിക്കൂറിന് ശേഷമേ ഷട്ടർ തുറക്കൂവെന്ന് പറഞ്ഞിരുന്നെങ്കിലും രാവിലെ തന്നെ രണ്ട് ഷട്ടറുകൾ തുറക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. അതീവ ജാഗ്രത പാലിക്കണമെന്ന് സർക്കാർ. അർധരാത്രിക്ക് 2400.38 അടിയായിരുന്ന ജലനിരപ്പ് ഇന്ന് രാവിലെ ആറിന് 2401 അടിയായി ഉയർന്നു. രാവിലെ ഏഴ് മണി മുതൽ 100 ക്യുമെക്‌സ് വെള്ളമാണ് തുറന്നുവിടുന്നത്. സെക്കൻറിൽ ഒരു ലക്ഷം ലിറ്ററിനേക്കാൾ ജലമാകും ഡാമിൽ നിന്നു പുറത്തെത്തുക. ഇപ്പോഴും മഴ തുടരുകയാണ്.