കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് മരണസംഖ്യ 28 ആയി; നിലമ്പൂരിൽ ഉരുൾപൊട്ടലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെടുത്തു

ഇടുക്കി: കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് മരണസംഖ്യ 28 ആയി. നിലമ്പൂർ ചെട്ടിയാംപാറയിൽ ഉരുൾപൊട്ടലിൽ കാണാതായ സുബ്രഹ്മണ്യന്റെ മൃതദേഹം കണ്ടെടുത്തു. സുബ്രഹ്മണ്യന്റെ കുടുംബത്തിലെ അഞ്ച് പേരുടെയും മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. ഇടുക്കി പണിക്കൻകുടിയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. മന്നാടിയിൽ റിനോ തോമസാണ് മരിച്ചത്. ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ഇടുക്കി മുണ്ടൻമുടിയിൽ ഉരുൾപൊട്ടലുണ്ടായി.

വയനാട് വൈത്തിരിയിൽ മണ്ണിടിച്ചിലിൽ കെട്ടിടം തകർന്നുവീണു. കെട്ടിടത്തിന് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങളും തകർന്നു. ബസ് സ്റ്റാന്റിന് സമീപമുള്ള കെട്ടിടമാണ് തകർന്നുവീണത്. എറണാകുളത്ത് 57 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

തിരുവനന്തപുരം വെഞ്ഞാറമൂട് കിണർ ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. പിരപ്പൻകോട് പാലവിള സ്വദേശി സുരേഷ്(47) ആണ് മരിച്ചത്. വെള്ളം കോരുന്നതിനിടെയാണ് സംഭവം. ഇന്ന് രാവിലെ 6 മണിയോയായിരുന്നു അപകടം. ക്ഷേത്രത്തിൽ പോകാൻ കുളിക്കുന്നതിന് വെള്ളം കോരുന്നതിനിടെ കിണറിന്റെ ഒരു ഭാഗവും സുരേഷും കിണറ്റിൽ വീഴുകയായിരുന്നു.