ഒക്ടോബർ ഒന്നിന് മുമ്പ് കണ്ണൂർ വിമാനത്താവളം പ്രവർത്തനസജ്ജമാകും

കണ്ണൂർ: ഒക്ടോബർ ഒന്നിന് മുമ്പ് കണ്ണൂർ വിമാനത്താവളം പ്രവർത്തനസജ്ജമാകുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു അറിയിച്ചു. തീയതി സംസ്ഥാന സർക്കാരും ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷനും ചേർന്നാണ് തീരുമാനിക്കേണ്ടതെന്നും സുരേഷ് പ്രഭു പറഞ്ഞു. കേന്ദ്രസർക്കാർ ഒക്ടോബർ ഒന്നിനുമുമ്പ് മുഴുവൻ അനുമതിയും നൽകും. തുടക്കത്തിൽ മൂന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ ഉണ്ടാകും. ജെറ്റ് എയർവേസ്, ഗോ എയർ, ഇൻഡിഗോ എന്നീ കമ്പനികളാണ് താത്പര്യം കാട്ടിയിരിക്കുന്നത്. കണ്ണൂർ-അബുദാബി (ജെറ്റ് എയർവേസ്), കണ്ണൂർ-ദമാം (ഗോ എയർ), കണ്ണൂർ-ദോഹ (ഇൻഡിഗോ) എന്നീ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് അനുമതി നൽകി. കൂടുതൽ കമ്പനികൾ കണ്ണൂരിൽ നിന്ന് സർവീസ് നടത്താൻ ഉടൻ എത്തുമെന്ന് സുരേഷ് പ്രഭു പറഞ്ഞു.

കണ്ണൂർ വിമാനത്താവളത്തെ കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വിമാനത്താവളം തുറക്കുന്ന അന്നുതന്നെ ഉഡാൻ സർവീസ് തുടങ്ങുമെന്നും വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ അറിയിച്ചു. എയർ ഇന്ത്യ, ഇൻഡിഗോ, ഗോ എയർ എന്നീ കമ്പനികളാണ് ഉഡാൻ പദ്ധതിയിൽ കണ്ണൂരിൽ നിന്നുള്ള സർവീസുകൾക്ക് തയ്യാറായിരിക്കുന്നത്. അടുത്ത ശീതകാലസമയക്രമം ഒക്ടോബറിലാണ് തുടങ്ങുന്നത്. ഇതിൽ കണ്ണൂരിൽ നിന്നുള്ള സർവീസുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വ്യോമയാന സെക്രട്ടറി ആർ. എൻ. ചൗബേ പറഞ്ഞു.

രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ഉടമ്പടിപ്രകാരമേ വിദേശ വിമാനക്കമ്പനികൾക്ക് കണ്ണൂരിൽനിന്ന് സർവീസിന് അനുമതി നൽകാൻ കഴിയൂ എന്ന് മന്ത്രി അൽഫോൻസ് കണ്ണന്താനം വ്യക്തമാക്കി.