ഇ.പി.ജയരാജൻ വ്യവസായ വകുപ്പ് മന്ത്രിയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനം പോയ ഇ.പി. ജയരാജൻ മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നു. ജയരാജന് വ്യവസായ വകുപ്പ് നൽകാനും തീരുമാനമായി. ഇതിന് പുറമെ സിപിഐയക്ക് ചീഫ് വിപ്പ് പദവി നൽകാനും ധാരണയായി. എ.സി.മൊയ്തീന് തദ്ദേശ സ്വയംഭരണം വകുപ്പ് നൽകും. കെ.ടി.ജലീലിന് ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം എന്നീ വകുപ്പുകൾ നൽകാനും തീരുമാനമായിട്ടുണ്ട്.

സിപിഎമ്മിന് ഒരു മന്ത്രിയെ കൂടുതൽ ലഭിക്കുമ്പോൾ സിപിഐക്ക് ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി ലഭിക്കും. ഇക്കാര്യത്തിൽ സിപിഐഎം- സിപിഐ നേതൃത്വങ്ങൾ ധാരണയിലെത്തിയതോടെയാണ് അടിയന്തര സിപിഐഎം സംസ്ഥാന കമ്മിറ്റി ചേർന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ 19 ന് ചികിത്സക്കായി അമേരിക്കയിലേക്ക് പോവുകയാണ്. മുഖ്യമന്ത്രിയുടെ ചികിത്സയും അതിനു ശേഷം വേണ്ടിവരുന്ന വിശ്രമവും കൂടി കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ചുമതല മറ്റൊരു മന്ത്രിയെ ഏൽപിക്കേണ്ടതുണ്ട്. ഇപ്പോൾ മന്ത്രിസഭയിൽ തോമസ് ഐസക്കും എ.കെ ബാലനുമാണ് കേന്ദ്ര കമ്മറ്റി അംഗങ്ങൾ. അതിൽ തോമസ് ഐസക്കാണ് സീനിയർ .തോമസ് ഐസക്കിനെ പകരം ചുമതല ഏൽപിക്കാൻ മുഖ്യമന്ത്രിക്ക് താൽപര്യമില്ലെന്നാണ് സൂചന. ഐസക്കിനെ മറികടന്ന് ബാലന് പകരം ചുമതല നൽകുന്നതും ശരിയല്ല. ഇതു കൂടി കണക്കിലെടുത്താണ് ഇവരേക്കാൾ സീനിയറായ കേന്ദ്ര കമ്മറ്റി അംഗം ഇ.പി.ജയരാജനെ മന്ത്രിസഭയിൽ തിരികെ കൊണ്ടുവന്ന് മുഖ്യമന്ത്രി അവധിയിൽ പോകുമ്പോൾ പകരം ചുമതല നൽകാൻ സിപിഐഎം നേതൃത്വം ആലോചിക്കുന്നത്.

ജയരാജൻകൂടി എത്തുന്നതോടെ മന്ത്രിമാരുടെ എണ്ണം ഇരുപതാകും. ജയരാജന്റെ മടക്കം സംബന്ധിച്ച് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനുമായി ആശയവിനിമയം നടത്തിയിരുന്നു. അതേസമയം ഇ.പി.ജയരാജനെ മന്ത്രിസഭയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം ധാർമികമായി ശരിയല്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.