സർക്കാരിന്റെ ഓണാഘോഷ പരിപാടികൾ മാറ്റി വെയ്ക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും വെള്ളപ്പൊക്കവും നേരിടുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്തെ സർക്കാരിന്റെ ഓണാഘോഷ പരിപാടികൾ മാറ്റി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഘോഷങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്ന 30 കോടി രൂപ ദുരുതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അസാധാരണമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും ഇതിനെ നേരിടാൻ എല്ലാ യുഡിഎഫ് പ്രവർത്തകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ജനങ്ങളെ സഹായിക്കാനും, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാനും, യുഡിഎഫ് എംഎൽഎമാർ മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം എന്നും അദ്ദേഹം പറഞ്ഞു.

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ദുരന്തമാണ് നേരിടുന്നത്. കേരളം ഒറ്റക്കെട്ടായി നിന്ന് ഈ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളാകണം. സന്നദ്ധ സംഘടനകൾ സമൂഹ്യ പ്രവർത്തകർ എല്ലാവരും ഇതിനായി രംഗത്തിറങ്ങണം. പ്രളയക്കെടുത്തി ഉണ്ടായിട്ടുള്ള പ്രദേശങ്ങളിൽ കൂടുതൽ സൈന്യത്തെയും കേന്ദ്ര ദുരന്ത നിവാരണ സേനയെയും വിന്യസിക്കണം ചെന്നിത്തല പറഞ്ഞു.