യുഎഇ: പൊതുമാപ്പിന് ശേഷവും രാജ്യത്ത് തുടരുന്ന നിയമ ലംഘകർക്ക് കനത്ത ശിക്ഷയെന്ന് മുന്നറിയിപ്പ്

ദുബായ്: പൊതുമാപ്പിന് ശേഷവും താമസരേഖകൾ ശരിയാക്കാതെ രാജ്യത്ത് തുടരുന്ന നിയമ ലംഘകർക്ക് കനത്ത പിഴയും നിയമനടപടികളും നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്തേയ്ക്ക് അനധികൃതമായി എത്തിയവർക്ക് പൊതുമാപ്പിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കില്ല. കൂടാതെ രണ്ടു വർഷത്തേയ്ക്ക് രാജ്യത്തേക്ക് പ്രവേശന നിരോധനം ഉണ്ടാകുമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് താമസകാര്യ വിഭാഗം തലവൻ ബ്രി. സഈദ് റക്കൻ അൽ റഷീദ് പറഞ്ഞു.

പൊതുമാപ്പ് അപേക്ഷകളുമായി നിത്യേന നൂറുകണക്കിന് ആളുകളാണ് കേന്ദ്രത്തിൽ എത്തുന്നത്. പുരുഷൻമാർക്കും സ്ത്രീകൾക്കും വെവ്വേറെ ശീതീകരിച്ച ടെന്റുകളിലാണ് പൊതുമാപ്പ് സേവന നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശികൾക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഈ മാസം ഒന്ന് മുതലാണ് ആരംഭിച്ചത്. ശിക്ഷാനടപടികളില്ലാതെയും ചെറിയ ഫീസ് നൽകിയും രേഖകൾ ശരിയാക്കി നാട്ടിലേയ്ക്ക് പോകാനോ യുഎഇയിൽത്തന്നെ തുടരാനോ അനുവദിക്കുന്നതാണ് പൊതുമാപ്പ്. ഒക്ടോബർ 31ന് സമാപിക്കും.