സ്‌കൂളിൽ വെച്ച് രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച ഇലക്ട്രീഷ്യൻ അറസ്റ്റിൽ

ഡൽഹി: ആറ് വയസുകാരിയെ സ്‌കൂളിനുള്ളിൽവെച്ച് പീഡനത്തിനിരയാക്കി. സംഭവത്തിൽ സ്‌കൂളിലെ ഇലക്ട്രീഷ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരമധ്യത്തിലെ സർക്കാർ നിയന്ത്രണത്തിലുള്ള സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയ്ക്കെതിരെയാണ് ക്രൂര പീഡനം. വ്യാഴ്ച വൈകിട്ടാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ക്ലാസ് അവസാനിച്ചതിനെ തുടർന്ന് വീട്ടിലേക്ക് പോകാനിറങ്ങിയ കുട്ടിയെ വായ മൂടി സ്‌കൂൾ പരിസരത്തുള്ള കുടിവെള്ള പമ്പിനടുത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

തിരികെ വീട്ടിൽ എത്തിയ കുട്ടിയിൽ രക്തസ്രാവം കണ്ടതിനെ തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്‌കൂൾ ജീവനക്കാരെയെല്ലാം അണിനിരത്തി നടത്തിയ തിരിച്ചറിയൽ പരേഡിൽ പ്രതിയെ കുട്ടി തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതിക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. മൂത്ത സഹോദരിയും ഇതേ സ്‌കൂളിലെ വിദ്യാർഥിയാണ്. പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കുകയും ചെയ്തു. പ്രതിയെ വെള്ളിയാഴ്ച ഡൽഹി കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.