സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറീസ തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതിനാൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒറ്റപ്പെട്ട കനത്ത മഴക്കും സാധ്യതയുണ്ട്.

കാറ്റിന്റെ വേഗത 45 കിലോമീറ്റർ വരെ എത്താൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി. കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ നാളെയും മഴ ഉണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. തൃശൂർ, കൊല്ലം, കാസർകോട് ജില്ലകളിൽ അൽപം കൂടി ശക്തി കുറഞ്ഞ മഴയായിരിക്കും ലഭിക്കുക.

അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻറെ റിപ്പോർട്ടിനെ തുടർന്ന് സംസ്ഥാനത്ത് എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി ജില്ലകളിൽ ആഗസ്റ്റ് 14 വരെ റെഡ് അലർട്ടും, ആഗസ്റ്റ് 15 വരെ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ,കണ്ണൂർ ജില്ലകളിൽ ആഗസ്റ്റ് 13-വരെ റെഡ് അലർട്ടും ഓഗസ്റ്റ് 15 വരെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം,പാലക്കാട്,മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ആഗസ്റ്റ് 12 വരെ റെഡ് അലർട്ടും 14 വരെ ഓറഞ്ച് അലർട്ടും നിലനിൽക്കുന്നു. സുരക്ഷാമുൻകരുതലിന്റെ ഭാഗമായാണ് വിവിധ ജില്ലകളിൽ ഇപ്പോൾ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്.