വൃഷ്ടി പ്രദേശത്ത് മഴകുറഞ്ഞു; ഇടുക്കിയില്‍ ജലനിരപ്പ് ഒരടി താഴ്ന്നു

ഇടുക്കി: വൃഷ്ടിപ്രദേശത്ത് മഴകുറഞ്ഞതോടെ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന അളവായ 2401.76 അടിയിൽ വെള്ളമെത്തിയ ശേഷം ജലനിരപ്പ് താഴ്ന്ന് തുടങ്ങി. ഒഴുകിയെത്തുന്നതിനെക്കാൾ കൂടുതൽ വെളളം പുറത്തേക്ക് കൊണ്ടുപോവുന്നുണ്ട്.
നിലവില്‍ 2401 അടിയാണ് ജലനിരപ്പ്. രാവിലെ ഇത് 2401.10 അടിയായിരുന്നു. ഷട്ടർ തുറന്നതിന് ശേഷം ആദ്യമായാണ് ജലനിരപ്പ് കുറയുന്നത്.  ജലനിരപ്പ് 2400 അടി ആകുന്നത് വരെ ഷട്ടറുകൾ താഴ്ത്തില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു. ഷട്ടറുകള്‍ താഴ്ത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും പലയിടത്തും മഴ തുടരുന്നതിനാല്‍ ഷട്ടറുകള്‍ അടയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ വീണ്ടും ആശങ്ക ഉയർത്തി സംസ്ഥാനത്ത്‌ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറീസാ തീരത്ത് രൂപം കൊണ്ട അന്തരീക്ഷ ചുഴിയാണ് ഇപ്പോഴത്തെ ശക്തമായ മഴയ്ക്ക് കാരണം.