പ്രവാസലോകത്തെ ആശയകുഴപ്പത്തിലാക്കി വിവരാവകാശ നിയമ വ്യവസ്ഥ

ദുബായ്: വിവരാവകാശ നിയമപ്രകാരം പ്രവാസികൾക്ക് അപേക്ഷകൾ സമർപ്പിക്കുവാൻ കഴിയില്ലെന്ന കേന്ദ്ര മന്ത്രി ജിജേന്ദ്രൻ സിംഗിന്റെ പ്രസ്താവന പ്രവാസലോകത്തെ ആശയകുഴപ്പത്തിലാക്കുന്നു. പ്രവാസികൾക്ക് അവസരം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് പ്രവാസി സംഘടനകൾ പറയുന്നു.  പ്രവാസികൾക്ക് വിവരാവകാശ നിയമ വ്യവസ്ഥ പ്രയോജനപെടുത്തുവാൻ സാധിക്കുകയില്ല എന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി ജിജേന്ദ്രൻ സിംഗ് ലോകസഭയിൽ അറിയിച്ചത്.

രാജ്യത്തെ കേന്ദ്രസർക്കാർ വകുപ്പുകളിൽ നിന്ന് വിവരങ്ങൾ അറിയുവാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്ന ഈ വ്യവസ്ഥ രാജ്യത്തു താമസിക്കുന്നവർക്കായി മാത്രം ചുരുക്കുന്നതിൽ പ്രവാസ ലോകം ശക്തമായ വിയോജിപ്പിൽ എത്തിക്കഴിഞ്ഞു. വിവരാവകാശം പ്രാബല്യത്തിൽ വന്നത് മുതൽ പ്രവാസികൾക്കും നേരിട്ടും എംബസിയിലോ ഓൺലൈനിലൂടെയോ അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുമായിരുന്നു. ഇപ്പോൾ, 2,200 അധികാര കേന്ദ്രങ്ങളാണ് അപേക്ഷകരിൽ നിന്ന് ഓൺലൈൻ വഴി വിവരാവകാശ അപേക്ഷകൾ സ്വീകരിക്കാനും മറുപടി നൽകുവാനായി പ്രവർത്തിച്ചു വരുന്നത്. വിവരാവകാശനിയമം 2005 ഒക്ടോബർ 12നാണ് പ്രാബല്യത്തിൽ വന്നത്.