പവർ ബാങ്ക് പൊട്ടിത്തെറിച്ച് കാറിന് കേടുപാട്: യുവാവിന് 1.35 ലക്ഷം രൂപ നഷ്ടപരിഹാരം

ഡൽഹി: പവർ ബാങ്ക് പൊട്ടിത്തെറിച്ച് കാറിന് കേടുപാട് സംഭവിച്ച യുവാവിന് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. പവർ ബാങ്കിന്റെ നിർമ്മാതാക്കളും ഇടപാടുകാരും ഓൺലൈൻ വാണിജ്യ ഇടപാടുകാരുമാണ് തുക നൽകേണ്ടത്. ഛത്തീസ്ഗഡ് സ്വദേശി അങ്കിത് മഹാജനാണ് 1.35 ലക്ഷം രൂപ നഷ്ടപരിഹാരം നൽകേണ്ടത്.

ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ സ്നാപ് ഡീൽ വഴി 1,699 രൂപ മുടക്കിയാണ് അങ്കിത് പവർബാങ്ക് സ്വന്തമാക്കിയത്. ആംബ്രെയ്ൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ആംബ്രെയ്ഡ് പി-2000 20800 മെഗാ ഹെഡിന്റെ പവർ ബാങ്കാണ് 2016 ആഗസ്റ്റിൽ പൊട്ടിത്തെറിച്ചത്. പവർ ബാങ്കിന്റെ യുഎസ്ബി പോർട്ടിൽ തകരാർ കണ്ട അങ്കിത് ഈ ഉൽപ്പന്നത്തിന് പകരം മറ്റൊന്ന് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിൽ നടപടി എടുക്കാനോ പകരം മറ്റൊന്ന് നൽകാനോ കമ്പനി തയ്യാറായില്ല. കാറ് പാർക്ക് ചെയ്ത ശേഷം അങ്കിത് ഓഫീസിൽ പ്രവേശിക്കവേയാണ് സംഭവം നടന്നത്. 4.92 ലക്ഷം രൂപയാണ് കാറിന് തകരാർ പരിഹരിക്കാൻ ഇയാൾക്ക് ചെലവായത്. ഇതിൽ 4.74 ലക്ഷം രൂപ ഇൻഷുറൻസ് കമ്പനി അടച്ചു. 18,340 രൂപ സ്വന്തം പോക്കറ്റിൽ നിന്ന് ചെലവായതായി അങ്കിത് ഉപഭോക്തൃ കോടതിയെ അറിയിക്കുകയായിരുന്നു. ഉച്ചക്ക് വെയിലത്ത് നിർത്തിയിട്ട കാറിനകത്ത് പവർ ബാങ്ക് വച്ചതാണ് അപകടം ഉണ്ടാക്കിയതെന്ന് ആംബ്രെയ്ൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഫോറത്തിൽ പറഞ്ഞു.