ബിഷപ്പിനെതിരെ നിർണായക മൊഴി; കസ്റ്റഡിയലെടുത്ത് ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം

ഡൽഹി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകളുടെ നിർണായക മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. പ്രാർത്ഥനയുടെ പേരിൽ രാത്രിയിൽ പോലും കന്യാസ്ത്രീകളെ മുറിയിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും കന്യാസ്ത്രീകൾ മൊഴി നൽകി. ഇടയനോടൊപ്പം ഒരു ദിവസം എന്ന പ്രാർത്ഥനയിലാണ് മോശം അനുഭവമുണ്ടായതെന്നും മൊഴി നൽകി. കന്യാസ്ത്രീകളുടെ പരാതിയെ തുടർന്ന് പിന്നീട് പ്രാർത്ഥന നിർത്തിവെക്കുകയായിരുന്നു.

കന്യാസ്ത്രീകൾക്ക് പുറമെ ഒരു വൈദികനും ബിഷപ്പിനെതിരെ മൊഴി നൽകിയിട്ടുണ്ട്. കൂടാതെ അമ്പത് ചോദ്യങ്ങൾ അടങ്ങുന്ന ചോദ്യാവലിയുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലിൽ ബിഷപ്പിന്റെ മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ബിഷപ്പിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ജലന്ധർ ബിഷപ്പിനെതിരായ ലൈംഗിക പീഡന പരാതിയിൽ ഉജ്ജയിൻ ബിഷപ്പ് നൽകിയ മൊഴി തെറ്റാണെന്ന് റിപ്പോർട്ട്. കന്യാസ്ത്രീ ലൈംഗിക പീഡന പരാതി നൽകിയില്ലെന്നായിരുന്നു ഉജ്ജയിൻ ബിഷപ്പ് മൊഴി നൽകിയത്. എന്നാൽ ദുരുദ്ദേശപരമായ പെരുമാറ്റം സഹിക്കാനാവുന്നില്ലെന്ന് കന്യാസ്ത്രീ പരാതിയിൽ പറഞ്ഞിരുന്നു. കർദിനാളിനെ നേരിട്ട് കാണണമെന്നും കന്യാസ്ത്രീ പരാതിയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ജൂൺ 11നായിരുന്നു ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതി നൽകിയത്. ബിഷപ്പ് മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് കന്യാസ്ത്രീ പരാതി നൽകിയിരുന്നതെന്നായിരുന്നു ഉജ്ജയിൻ ബിഷപ്പ് ഫാ. സെബാസ്റ്റ്യൻ വടക്കേൽ മൊഴിനൽകിയിരുന്നത്. ഈ പരാതി നേരിട്ടും രേഖാമൂലവും നൽകിയതായി അന്വേഷണ സംഘത്തിന് മൊഴി നൽകുകയും ചെയ്തു.

പ്രശ്‌നപരിഹാരത്തിനായി കുറവിലങ്ങാട് മഠത്തിൽ പോയിരുന്നതായും ഫാ. സെബാസ്റ്റ്യൻ വടക്കേൽ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നു.  ജലന്ധർ ബിഷപ്പിനെതിരെയുള്ള ലൈംഗിക ആരോപണം ആദ്യം അറിയിച്ചത് ഉജ്ജയിൽ ബിഷപ്പിനെയാണെന്നാണ് കന്യാസ്ത്രി പറഞ്ഞിരുന്നത്. ബന്ധുവിന്റെ സുഹൃത്തായതിനാലാണ് ഉജ്ജയിൻ ബിഷപ്പിനെ സമീപിച്ചത്.

ബിഷപ്പ് മാനസികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്നും രണ്ട് തവണ മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നും പരാതിയിൽ വ്യക്തമാക്കിയരുന്നു. വത്തിക്കാൻ പ്രതിനിധിക്ക് കന്യാസ്ത്രീ അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തന്നെയും കുടുംബത്തെയും അപമാനിക്കാൻ ശ്രമിച്ചുവെന്നും കന്യാസ്ത്രീ കത്തിൽ പറയുന്നു. ഇത് മൂലം മാനസിക നില തെറ്റുന്ന അവസ്ഥയിലായിരുന്നു താനെന്നും കന്യാസ്ത്രീ കത്തിൽ പറയുന്നു. മാത്രമല്ല തനിക്കും മറ്റൊരു കന്യാസ്ത്രീക്കും വധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് ബിഷപ്പിനെതിരെ നടപടിയെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.