മുന്നറിയിപ്പില്ലാതെ ബാണാസുര സാഗർ അണക്കെട്ട് തുറന്നു : വിശദീകരണം തേടി കളക്ടർ

കൽപ്പറ്റ: ബാണാസുര സാഗർ അണക്കെട്ട് യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് തുറന്നതെന്ന നാട്ടുകാരുടെ പരാതി ശരിയാണെന്ന് ജില്ലാ കളക്ടർ. നടപടിക്രമങ്ങൾ പാലിച്ചല്ല ഡാം തുറന്നതെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. കളക്ടർ പോലും അറിയാതെയാണ് ഉദ്യോഗസ്ഥർ അണക്കെട്ട് തുറന്നത്. കളക്ടർ ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടി. മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നതിന് കെ.എസ്.ഇ.ബിക്കെതിരെ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.

ഓറഞ്ച് അലർട്ടോ റെഡ് അലർട്ടോ ഒന്നുമില്ലാതെ പാതിരാത്രിയിൽ ഡാം തുറന്നുവിടുകയാണ് ഉണ്ടായത്. ഗുരുതരമായ വീഴ്ചയാണ് ഈ വിഷയത്തിൽ സർക്കാർ സംവിധാനങ്ങൾക്ക് സംഭവിച്ചിരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ  അണക്കെട്ടായ ബാണാസുര സാഗർ തുറക്കുന്നതിന് മുമ്പ് സാങ്കേതികമായ എല്ലാ നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ മാനന്തവാടി എം.എൽ.എ ഒ.ആർ കേളു ഉൾപ്പടെയുള്ളവർ ആരോപണവുമായി മുന്നോട്ട് വന്നിരുന്നു. മനുഷ്യക്കുരുതിക്ക് തന്നെ കാരണമാകുന്ന നടപടിയാണിതെന്നും എന്നാൽ ഈ സാഹചര്യത്തിൽ വിവാദങ്ങളുണ്ടാക്കണ്ട എന്ന് കരുതിയാണ് മിണ്ടാത്തതെന്ന് എം.എൽ.എ പറഞ്ഞു.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും പാലിക്കണമെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ  ഇത് മറികടന്നാണ് അണക്കെട്ട് തുറന്നത്. നേരത്തെ ഡാം അടച്ചതും കളക്ടറെ അറിയിച്ചിരുന്നില്ല.  സാങ്കേതികമായ നടപടിക്രമങ്ങളും ലംഘിച്ചുകൊണ്ടാണ് കെ.എസ്.ഇ.ബി ഡാം തുറന്നത്.

ബാണാസുര സാഗർ അണക്കെട്ട് തുറന്നതിനെ തുടർന്ന് ജില്ലയിലെ പനമരം, പടിഞ്ഞാറത്തറ പഞ്ചായത്തുകളിൽ വൻ ദുരന്തമുണ്ടായി. രണ്ട് താലൂക്കുകളിൽ മാത്രം 59 ക്യാമ്പുകളാണ് തുറന്നത്. ജില്ലയിലാകെ 16000ത്തിൽ കൂടുതൽ ആളുകളാണ് ക്യാമ്പുകളിലുള്ളത്. കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നത് മൂലം സുരക്ഷിതമായ ഇടങ്ങളിലേക്ക്  മാറാനാവാതെ കുടുങ്ങിയത് നിരവധി ആളുകളാണ്. വലിയ നാശനഷ്ടമാണ് ജില്ലയിലുടനീളം ഇതിനെ തുടർന്നുണ്ടായത്.

പടിഞ്ഞാറത്തറയിലും, പനമരത്തുള്ളവരും തങ്ങൾക്കുണ്ടായ നാശനഷ്ടത്തിന് കെ.എസ്.ഇ.ബി നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യപ്പെടുന്നത്.വർഷങ്ങളായി ഇവിടെ ജീവിക്കുന്നവർ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത് ദുരന്തത്തിനാണ് ഇരയായിരിക്കുന്നത്. ജീവനക്കാരുടെ കടുത്ത വീഴ്ച മൂലമുണ്ടായ ദുരന്തത്തിന് പരിഹാരം കാണാൻ സർക്കാർ ഇടപെടമെന്ന് ആവശ്യപ്പെടുകയാണ് ജനങ്ങൾ.