പുകയില ഉൽപന്നങ്ങളുടെ വില 100% വർധിപ്പിക്കണം; കുവൈറ്റ് ആരോഗ്യമന്ത്രാലയം

കുവൈറ്റ്: പുകവലിക്കാരുടെ നിരക്ക് ഉയർന്നു വരുന്ന സാഹചര്യത്തിൽ പുകയില ഉൽപന്നങ്ങളുടെ വിലയിൽ 100% വർധന ഏർപ്പെടുത്തണമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം. വില വർധിപ്പിക്കുന്നതിലൂടെ പുകയില ഉൽപന്നങ്ങളുടെ ഉപഭോഗം കുറച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് നിർദേശം.

കുവൈറ്റിൽ വർഷം തേറും പുകവലിക്കാരുടെ എണ്ണം വർധിച്ചു വരികയാണ് പ്രത്യേകിച്ച് വനിതകളും യുവാക്കളും ഇതിൽ അധികവും. അതുകൊണ്ട് തന്നെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഇവയുടെ വില പരമാവധി വർധിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ എണ്ണം കുറയ്ക്കാനുള്ള സാധ്യത പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അക്കാര്യത്തിൽ ധനമന്ത്രാലയം കർശന നടപടി സ്വീകരിക്കണം എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പരിസ്ഥിതി അതോറിറ്റിയുമായി സഹകരിച്ച് പുകവലിക്കെതിരെ കർശന നടപടി നടപ്പാക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാനും മന്ത്രാലയത്തിന് ആലോചനയുണ്ട്. പ്രസ്തുത സംഘാംഗങ്ങൾക്ക് ജുഡീഷ്യൽ പദവി നൽകണം. നിയമലംഘനം കണ്ടെത്തിയാൽ അവിടെവച്ചു തന്നെ ശിക്ഷയും തീർപ്പാക്കാൻ അധികാരമുള്ള പരിശോധകസംഘം ഉണ്ടായാൽ നിയമലംഘനത്തിനു മുതിരുന്നവരുടെ എണ്ണം കുറയും എന്നാണ് മന്ത്രാലയം കരുതുന്നത്.

കൂടാതെ ഇലക്ട്രോണിക് സിഗററ്റ് പൂർണമായും നിരോധിക്കുന്നതിന് ആരോഗ്യമന്ത്രാലയം കസ്റ്റംസ് അധികൃതരുടെ സഹായവും അഭ്യർഥിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ ശുപാർശപ്രകാരം ഇ-സിഗററ്റിന്റെ കാര്യത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.