കേരളത്തിലെ മഴക്കെടുതി; കേന്ദ്ര– സംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ടായി നേരിടുമെന്ന്‌ രാജ്നാഥ് സിങ്

കൊച്ചി: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന്‌  കേന്ദ്രത്തിന്റെ എല്ലാ സഹായവും  വാഗ്ദാനം ചെയ്യുന്നുവെന്ന്‌  കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. കേരളത്തിലെ സ്ഥിതിഗതികൾ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രളയദുരിതം നേരിട്ടറിയാൻ കേരളത്തില്‍‌ സന്ദർശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ് .ദുരന്തബാധിതർക്കൊപ്പം സർ‌ക്കാരുണ്ടെന്ന് കേന്ദ്രമന്ത്രിയോടൊപ്പം പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെള്ളക്കെട്ട് നേരിട്ടതുപോലെ വെള്ളം ഇറങ്ങിയ ശേഷമുള്ള ദുരിതങ്ങളും പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ രാജ്നാഥ് സിങ്  ഹെലികോപ്റ്ററിൽ ഇടുക്കി, ചെറുതോണി ഡാമുകളും ദുരിത ബാധിത പ്രദേശങ്ങളും ഹെലികോപ്റ്ററിൽ വീക്ഷിച്ചു. തുടർന്ന് ഇളന്തിക്കര ഗവ. എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപും സന്ദർശിച്ചു.

കേന്ദ്രസഹമന്ത്രി അൽഫോൻസ് കണ്ണന്താനം, റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ, ഡിജിപി ലോക്നാഥ് ബെഹ്റ, അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, ജില്ലാ കലക്ടർ മുഹമ്മദ് വൈ.സഫീറുള്ള, ഐജി വിജയ് സാക്കറെ, റൂറൽ എസ്പി രാഹുൽ ആർ.നായർ എന്നിവർ ചേർന്നു കേന്ദ്രമന്ത്രിയെ സ്വീകരിച്ചു. വിഐപി ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, വി.എസ്.സുനിൽകുമാർ, മാത്യു ടി.തോമസ്, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി.