മൂന്നാറിൽ നീലവസന്തം ഒരുങ്ങി

മൂന്നാർ: മലനിരകളിൽ വസന്തമെരുക്കി നീലക്കുറിഞ്ഞി പുത്തൂതുടങ്ങി. പന്ത്രണ്ട് കൊല്ലത്തിലൊരിക്കൽ വസന്തമൊരുക്കുന്ന നീലക്കുറിഞ്ഞിയുടെ കാഴ്ചകൾക്കായി വനംവകുപ്പ് ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. കുറിഞ്ഞി പൂക്കുന്ന ഓഗസ്റ്റ് നവംബർ മാസങ്ങളിൽ ലക്ഷങ്ങളാകും മൂന്നാറിലേക്ക് ഒഴുകിയെത്തുക.

മൂന്നാറിലെ കുറിഞ്ഞി ഉദ്യാനത്തിലേക്കു പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുമുണ്ട്. കുറിഞ്ഞിക്കാലമെത്തുന്നതിനു മുമ്പ്തന്നെ വനംവകുപ്പിന്റെ ആരണ്യം മാസികയിൽ നീലക്കുറിഞ്ഞിയെക്കുറിച്ച് അറിയേണ്ടതെല്ലാം ഉൾപ്പെടുത്തി പ്രത്യേക പതിപ്പും പുറത്തിറക്കിക്കഴിഞ്ഞു. വനംവകുപ്പിന്റെ വൈബ്‌സൈറ്റിൽ ഇത് ലഭ്യമാണ്. ഓണക്കാലത്ത് കുറിഞ്ഞി ഉദ്യാനത്തിലെത്തുന്നവരുടെ എണ്ണം വർധിക്കുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്താണ് കുറിഞ്ഞി കാണാൻ പോകുന്നതെങ്കിലും ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാകും.

രാവിലെ 7 മുതൽ വൈകീട്ട് നാലുവരെയാണ് സന്ദർശകർക്കു പ്രവേശനം അനുവദിക്കുന്നത്. സന്ദർശകർക്ക് ടിക്കറ്റ് മുൻകൂർ ബുക്ക് ചെയ്യുന്നതിനു സൗകര്യം ഒരുക്കിയിട്ടുണ്ട്. മൊത്തം ടിക്കറ്റിന്റെ മുക്കാൽ ഭാഗവും ഓൺലൈനായും ബാക്കി നേരിട്ടുമായിരിക്കും നൽകുക. മുതിർന്നവർക്ക് 120 രൂപയും കുട്ടികൾക്ക് 90 രൂപയുമാണ് ടിക്കറ്റ്. ക്യാമറയ്ക്ക് 40 രൂപയും വീഡിയോ ക്യാമറയ്ക്ക് 315 രൂപയും നൽകണം. ഒരുദിവസം 3500 സന്ദർശകരെ മാത്രമേ കുറിഞ്ഞി പാർക്കിൽഅനുവദിക്കുകയുള്ളൂ. പാർക്കിൽ പ്രവേശിക്കുന്നവരെ പരമാവധി രണ്ട് മണിക്കൂർ മാത്രമേ ചെലവഴിക്കാൻ അനുവദിക്കുള്ളൂ.

മൂന്നാർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ്, മറയൂർ ഫോറസ്റ്റ് കോംപ്ലക്‌സ് എന്നിവിടങ്ങളിൽ നിന്ന് ടിക്കറ്റ് ലഭിക്കും. പാർക്കിൽ പ്രവേശിക്കേണ്ട സമയം ടിക്കറ്റി രേഖപ്പെടുത്തിയിട്ടുണ്ടാകും. കുറിഞ്ഞിക്കാലം ആസ്വദിക്കാൻ മൂന്നാറിലേക്കെത്തുന്നവർക്കായി വനംവകുപ്പ് ഇരവികുളം ദേശീയ ഉദ്യാനമായ അഞ്ചാം മൈലിലൽ വിസിറ്റേഴ്‌സ് ലോഞ്ച്, വിശ്രമസൗകര്യം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്ന് പാർക്കിൽ പ്രവേശിക്കാനുള്ള വാഹനസൗകര്യം ലഭ്യമാകും.

www.munnarwildlife.com, www.eravikulamnationalpark.org എന്നീ സൈറ്റുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകും.