ലോക്സഭാ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു

കൊൽക്കത്ത: വൃക്കരോഗം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ കഴിയുകയായിരുന്ന ലോക്സഭാ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി(89) അന്തരിച്ചു.  ഇന്നലെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആരോഗ്യനില മോശമായിരുന്നു. ശനിയാഴ്ചമുതൽ വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്‌. പക്ഷാഘാതം സംഭവിച്ചതിനെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.

1985 മുതൽ 2009 വരെ പശ്ചിമ ബംഗാളിലെ ബോൽപൂരിൽ നിന്ന് പത്തു തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട സോമനാഥ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. 2004 മുതൽ 2009 വരെ സ്പീക്കറായി പ്രവർത്തിച്ചു. യുപിഎ സർക്കാരിനു സിപിഎം പിന്തുണ പിൻവലിച്ചതിനെ തുടർന്നു സ്പീക്കർ പദവിയിൽനിന്ന് രാജിവയ്ക്കാതിരുന്ന അദ്ദേഹത്തെ 2008ൽ പാർട്ടി പുറത്താക്കി.