കാനഡയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങൾ ക്രൂഡ് ഓയിൽ വിപണിയെ ബാധിക്കില്ല: സൗദി

സൗദി: കാനഡയുമായുള്ള നയതന്ത്ര പ്രശ്നങ്ങൾ ക്രൂഡ് ഓയിൽ വിപണിയെ ബാധിക്കില്ലെന്ന് സൗദി അറേബ്യ അറിയിച്ചു. പ്രതിദിനം എഴുപതിനായിരം ബാരൽ എണ്ണയാണ് സൗദി കാനഡയിലേക്ക് കയറ്റി അയക്കുന്നത്. സൗദി സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സൗദി അരാംകോയും ഉപഭോക്താക്കളുമായുള്ള ബന്ധത്തിന് നിലവിലെ രാഷ്ട്രീയപ്രശ്‌നങ്ങൾ തടസമാവില്ലെന്ന് ഊർജ്ജമന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. എന്നാൽ, മറ്റു വ്യാപാരകരാറുകൾ മരവിപ്പിച്ച നടപടി പിൻവലിക്കാറായിട്ടില്ലെന്നാണ് സൗദിയുടെ നിലപാട്.

കാനഡ പ്രസ്താവന പിൻവലിക്കും വരെ വ്യാപാരബന്ധം പുനസ്ഥാപിക്കില്ലെന്ന് സൗദി വ്യക്തമാക്കി. പ്രശ്ന പരിഹാരത്തിന് ജർമനിയുടെയും സ്വീഡന്റെയും സഹായം കാനഡ തേടി. നേരത്തെ യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങളോട് പ്രശ്നത്തിൽ ഇടപെടണമെന്ന് കാനഡ ആവശ്യപ്പെട്ടിരുന്നു. സൗദി സർക്കാരിനെതിരായ പ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റിലായ വനിതാ മനുഷ്യവകാശ പ്രവർത്തകരായ സമർ ബാദാവി, നസീമ അൽ സാദാ എന്നിവരെ വിട്ടയക്കണമെന്ന കനേഡിയൻ എംബസിയുടേയും വിദേശകാര്യമന്ത്രാലയത്തിന്റേയും നിർദേശമാണ് സൗദിയെ ചൊടിപ്പിച്ചത്.