ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: ഇ.പി. ജയരാജനെ മന്ത്രി ആക്കാനുള്ള സിപിഎം നിർദേശത്തിനു എൽഡിഎഫ് അംഗീകാരം. സിപിഐക്ക് ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നൽകാനും എൽഡിഎഫ് തീരുമാനമായി. നേരത്തെ ഇ.പി.ജയരാജനെ മന്ത്രിയാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ധാരണയായിരുന്നു. ജയരാജന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക് രാജ്ഭവനിൽ വച്ച് നടക്കും.

ഇ.പി. ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നത് സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. വിഷയത്തിൽ സിപിഐ നേരത്തെ എതിർപ്പ് അറിയിച്ചതിനെത്തുടർന്ന് സിപിഐ നേതാക്കളുമായി ഒന്നിലധികം തവണ ചർച്ചനടത്തുകയും ചെയ്തു. സിപിഐയുടെ എതിർപ്പു കുറഞ്ഞ സാഹചര്യത്തിലാണ് ഇ.പിക്ക് വീണ്ടും മന്ത്രി പദത്തിന് വഴിയൊരുങ്ങിയത്.

ബന്ധുനിയമന വിവാദത്തെ തുടർന്ന് 2016 ഒക്ടോബർ 14നാണ് ജയരാജൻ രാജിവച്ചത്. മന്ത്രിയായി 142-ാം ദിവസമായിരുന്നു ജയരാജന്റെ രാജി. നേരത്തെ കൈകാര്യം ചെയ്തിരുന്ന വ്യവസായം, വാണിജ്യം, യുവജനക്ഷേമം, കായികം എന്നീ വകുപ്പുകൾ തന്നെയാണ് ജയരാജന് ലഭിക്കുക.