വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു; മലപ്പുറത്ത് വീണ്ടും ഉരുൾപ്പൊട്ടൽ

മലപ്പുറം: കനത്ത മഴയെ തുടർന്ന് നിലമ്പൂരിന് സമീപം ആഢ്യൻപാറയിൽ വീണ്ടും ഉരുൾപൊട്ടി. ആളപായമില്ല. ആറ് പേർ മരിച്ച ചെട്ടിയാംപാറയ്ക്ക് സമീപമാണ് വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായത്. അകമ്പാടം നമ്പൂരിപ്പെട്ടിയിലും ഉരുൾപ്പൊട്ടൽ ഉണ്ടായി.മലപ്പുറം ജില്ലയിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. നാട്ടുകാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

പാലക്കാട് മലമ്പുഴയിലും ഉരുൾപൊട്ടലുണ്ടായി. മലമ്പുഴ ഡാമിന് സമീപമുള്ള ആനക്കലിൽ മണ്ണിടിച്ചിലുണ്ടായി. മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ജലനിരപ്പ് ഉയരുന്നതിനാൽ ഷട്ടർ 45 സെന്റിമീറ്റർ ഉയർത്തും. ഇപ്പോഴും മലയോര മേഖല ഉരുൾപ്പൊട്ടൽ ഭീതിയിലാണ്. കോഴിക്കോട് മുക്കം ആലും തറയിൽ കനത്തമഴയിൽ മരം വീണ് വീട് തകർന്നു.