കനത്ത മഴ: തീര്‍ഥാടകര്‍ ശബരിമല യാത്ര തത്ക്കാലം ഒഴിവാക്കാന്‍  ദേവസ്വംബോര്‍ഡിന്റെ അഭ്യര്‍ഥന

പത്തനംതിട്ട:  പമ്പാനദിയില്‍ ജലനിരപ്പ് വന്‍തോതില്‍ ഉയരുന്നത് കണക്കിലെടുത്ത് അയപ്പഭക്തര്‍ ശബരിമല അയ്യപ്പ ദര്‍ശനത്തിനും നിറപ്പുത്തരി പൂജകള്‍ തൊഴാനുമായി വരുന്നത് തല്‍ക്കാലം ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഭ്യര്‍ഥിച്ചു. പമ്പാനദി കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ അയ്യപ്പഭക്തര്‍ക്ക് നദി കടന്നു പോകാന്‍ ആവില്ല.  പമ്പയിലും ത്രിവേണിയിലും വെള്ളം കരകവിഞ്ഞൊഴുകുന്നതിനാല്‍ അയ്യപ്പഭക്തര്‍ക്ക് ശബരിമലയിലേക്ക് പോകുന്നതിനുള്ള പമ്പാനദിയ്ക്ക് കുറുകെയുള്ള രണ്ട് പാലങ്ങളും വെള്ളം കയറിയ അവസ്ഥയിലാണ്. പമ്പയിലെ കടകളിലും മണ്ഡപത്തിലും വെള്ളം കയറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നദി കടന്ന് അയ്യപ്പഭക്തര്‍ക്ക് ശബരിമലയിലേക്ക് പോകാന്‍ സാധിക്കില്ല. മുന്‍കരുതല്‍ നടപടിയായും ദുരന്തങ്ങള്‍ ഒഴിവാക്കാനുമായാണ് അയ്യപ്പഭക്തരോട് ജലനിരപ്പ് താഴുന്നതു വരെ ശബരിമല യാത്ര ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.
 പത്തനംതിട്ട ജില്ലയിലെ കൊച്ചുപമ്പാ, മൂഴിയാര്‍, കക്കി ഉള്‍പ്പെടെയുള്ള ഡാമുകളുടെ ഷട്ടറുകള്‍ പരമാവധി ജലനിരപ്പ് എത്തിയതിനെത്തുടര്‍ന്ന് തുറന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ അയ്യപ്പഭക്തരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് തീര്‍ഥാടകരോട് യാത്ര ഒഴിവാക്കാന്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. ജില്ലാ ഭരണകൂടവും ദേവസ്വം ബോര്‍ഡും പോലീസും സംയുക്തമായി പമ്പയില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെ മഴയുടെ തോതിനും മാറ്റമില്ല. പമ്പയില്‍ പൊലീസ് ബാരിക്കഡ് സ്ഥാപിച്ചും, വടം കെട്ടിയും, അപകട മുന്നറിയിപ്പ് നല്‍കിയും അയ്യപ്പഭക്തര്‍ക്ക്  സ്ഥിതിഗതികള്‍ കൈമാറാന്‍ സജ്ജമാണ്. മുന്നറിയിപ്പ് അവഗണിച്ച് പമ്പയില്‍ എത്തുന്നവരെ തിരിച്ചയക്കാനും പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.