കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സൗദി എയർ സർവീസിനുള്ള അനുമതിപത്രം കൈമാറി

കോഴിക്കോട് : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഇടത്തരം വിമാനങ്ങളുടെ സർവീസ് ആരംഭിക്കുന്നതിനുള്ള അനുമതിപത്രം എയർപോർട്ട് അതോറ്റി സൗദി എയർലൈൻസിന് കൈമാറി. സൗദി എയർ ജിദ്ദ കേന്ദ്രകാര്യാലയത്തിനാണ് അനുമതിപത്രം നൽകിയത്. ഇ വിഭാഗം വിമാനങ്ങളുടെ സർവീസിന് കഴിഞ്ഞദിവസം ഡി.ജി.സി.എ. അനുമതി നൽകിയിരുന്നു. ഇ വിഭാഗത്തിൽ വരുന്ന 300 പേർക്കുവരെ സഞ്ചരിക്കാവുന്ന വിമാനങ്ങൾ ഉപയോഗിച്ചുള്ള സർവീസുകൾക്കാണ് അനുമതി. ഇതിന്റെ അടിസ്ഥാനത്തിലാണ് എയർപോർട്ട് അതോറിറ്റിയുടെ നടപടി.

ജിദ്ദ, റിയാദ് വിമാനസർവീസുകൾക്കാണ് ഇപ്പോൾ എയർപോർട്ട് അതോറിറ്റി അനുമതി നൽകിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ സർവീസുകൾ പകൽസമയത്ത് മാത്രമായി പരിമിതപ്പെടുത്താനും ഡി.ജി.സി.എ. ആവശ്യപ്പെട്ടിട്ടുണ്ട്. റൺവേ നവീകരണം അടുത്തകാലത്ത് പൂർത്തിയായതിനാലും റിസയുടെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകാനുള്ളതിനാലുമാണ് നിയന്ത്രണം. ആറുമാസത്തേക്കായിരിക്കും നിയന്ത്രണമെന്നും അറിയിപ്പിലുണ്ട്.