ടിൻറു ലൂക്ക ഏഷ്യൻ ഗെയിംസിൽ മത്സരിക്കില്ല

തിരുവനന്തപുരം: മലയാളി താരം ടിൻറു ലൂക്ക ഇത്തവണ ഏഷ്യൻ ഗെയിംസിൽ മത്സരിക്കില്ല. ശനിയാഴ്ച ഇൻഡൊനീഷ്യയിൽ തുടങ്ങുന്ന ഏഷ്യൻ ഗെയിംസിനുള്ള ട്രയൽസിൽനിന്ന് തിങ്കളാഴ്ച ടിന്റു ലൂക്ക പിൻമാറി. ശാരീരികക്ഷമത വീണ്ടെടുക്കാത്തതിനാലാണ് ടിൻറുവിൻറെ പിൻമാറ്റമെന്ന് പരിശീലക പിടി ഉഷ വ്യക്തമാക്കി.

2010 ഗ്വാങ്ഷു ഏഷ്യൻ ഗെയിംസിൽ ടിൻറു 800 മീറ്ററിൽ വെങ്കലവും, 2014ലെ ഇഞ്ചിയോൺ ഗെയിംസിൽ വെള്ളി മെഡലും നേടിയിരുന്നു. ഗോൾഡ്കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ പരിക്ക് മൂലം ടിൻറുവിന് പങ്കെടുക്കാനായിരുന്നില്ല. 800 മീറ്ററിൽ നിലവിൽ ദേശീയ റെക്കോഡിന് ഉടമയാണ് ടിൻറു.