യുഎയിൽ സൈബർ കുറ്റകൃത്യത്തിന് 25 വർഷം തടവും 40 ലക്ഷം പിഴയും

അബുദാബി: സൈബർ കുറ്റകൃത്യനിയമം ഭേദഗതി ചെയ്ത് യുഎയിൽ ഉത്തരവിറക്കി. സൈബർ കുറ്റകൃത്യത്തിന് 25 വർഷം വരെ തടവും 40 ലക്ഷം ദിർഹം വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ഭേദഗതി തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. ഭീകര സംഘടനകൾ, അനധികൃത സംഘങ്ങൾ, അവയിലെ അംഗങ്ങൾ എന്നിവർക്ക് പൊതുജനങ്ങളുമായി ആശയവിനിമയം നടത്താൻ സൗകര്യം ചെയ്യുന്നത് 10 മുതൽ 25 വർഷം വരെ ജയിൽശിക്ഷയും 20 ലക്ഷം മുതൽ 40 ലക്ഷം വരെ ദിർഹം പിഴയും ലഭിക്കുന്ന കുറ്റമാണെന്ന് നിയമം വ്യക്തമാക്കുന്നു. ഇത്തരം അനധികൃത സംഘങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുക, അവയെ പ്രശംസിക്കുക, സംഘങ്ങളുടെ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക, സ്‌ഫോടക സാമഗ്രികളോ ഭീകരപ്രവൃത്തികൾക്ക് ഉപയോഗിക്കുന്ന മറ്റു വസ്തുക്കളുടെയോ നിർമ്മാണത്തിന് സൗകര്യമൊരുക്കുക എന്നീ കുറ്റങ്ങൾക്കും ഇതേ ശിക്ഷകൾ ബാധകമാണ്.

വെറുപ്പ് പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വെബ്‌സെറ്റ് സ്ഥാപിക്കുക, കൈകാര്യം ചെയ്യുക, ഓൺലൈൻ ഉളളടക്കങ്ങൾ പ്രസിദ്ധീകരിക്കുക, ഇന്റർനെറ്റ് ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങൾക്കുളള ശിക്ഷ അഞ്ച് വർഷം തടവും അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം വരെ ദിർഹം പിഴയുമാക്കി മാറ്റം വരുത്തി. ദേശീയ സുരക്ഷയെയും രാജൃത്തിന്റെ ഉന്നത താൽപര്യങ്ങളെയും അപകടപ്പെടുത്തുന്ന വാർത്തകളോ കാർട്ടൂണുകളോ മറ്റു തരത്തിലുളള ചിത്രങ്ങളോ ഉൾക്കൊളളുന്ന വെബ്‌സൈറ്റുകൾ കൈകാര്യം ചെയ്യുന്നവർക്ക് താൽക്കാലിക തടവും പത്ത് ലക്ഷം ദിർഹം പിഴയും ലഭിക്കും.
ഔദ്യോഗിക വിജ്ഞാപനത്തിൽ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും.