ബിജെപിയുടെ ജനസമ്മതി കുറയുന്നതായി അഭിപ്രായ സർവെ

ഡൽഹി: ഈ വർഷാവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപിക്ക് അധികാരം നഷ്ടപ്പെടുമെന്ന് എബിപി-സിവോട്ടർ അഭിപ്രായ വോട്ടെടുപ്പ്. മൂന്നിടത്തും കോൺഗ്രസ് അധികാരത്തിൽ വരുമെന്നാണ് സർവേ പറയുന്നത്. രാജസ്ഥാനിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് കോൺഗ്രസ് നേട്ടമുണ്ടാക്കും. എന്നാൽ മധ്യപ്രദേശിൽ കേവലഭൂരിപക്ഷവും ചത്തീസ്ഗഡിൽ വ്യക്തമായ ലീഡുമാണ് കോൺഗ്രസിന് സർവെ പ്രവചിക്കുന്നത്.

വാശിയേറിയ തെരഞ്ഞെടുപ്പാകും മധ്യപ്രദേശിൽ നടക്കുക എന്ന സൂചനയാണ് അഭിപ്രായ സർവേ നൽകുന്നത്. കോൺഗ്രസ് കഴിഞ്ഞ തവണത്തെ 58 സീറ്റ് ഇക്കുറി 117 ആയി ഉയർത്തി കേവലഭൂരിപക്ഷമുറപ്പിക്കുമെന്നാണ് റിപ്പോർട്ട്. 230 സീറ്റുകളുള്ള മധ്യപ്രദേശിൽ കേവലഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്. നിലവിലെ ഭരണകക്ഷിയായ ബിജെപിയുടെ സീറ്റുനില 165ൽ നിന്ന് 106 ആയി ചുരുങ്ങും. മറ്റ് പാർട്ടികൾ 2013 തെരഞ്ഞെടുപ്പിലേതിന് സമാനമായി ഏഴ് സീറ്റുകൾ നിലനിർത്തുമെന്നും റിപ്പോർട്ട് പറയുന്നു. ബിജെപിയുടെ വോട്ട് വിഹിതം 44.9ൽ നിന്ന് 40.1 ആയി കുറയുമ്പോൾ കോൺഗ്രസ് 36.4ൽ നിന്ന് 41.7 ആയി മെച്ചപ്പെടുത്തും.

90 അംഗ ചത്തീസ്ഗഡ് അസംബ്ലിയിൽ 54 സീറ്റുകളുമായി കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് പ്രവചനം. കഴിഞ്ഞ തവണ 39 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. എന്നാൽ ബിജെപിയുടെ സീറ്റുനില 49ൽ നിന്ന് 33 ആയി കുറയും. രണ്ട് സീറ്റുകളുടെ സ്ഥാനത്ത് മൂന്ന് സീറ്റാണ് ഇക്കുറി മറ്റുള്ളവർ കൈക്കലാക്കും എന്ന് കരുതപ്പെടുന്നത്. എന്നാൽ വോട്ട് വിഹിതത്തിൻറെ കാര്യത്തിൽ മറ്റ് പാർട്ടികളാവും നേട്ടമുണ്ടാക്കുക എന്നാണ് സർവേ ഫലം. ബിജെപിയുടെ വോട്ട് വിഹിതം കഴിഞ്ഞ തവണത്തെ 41.0ൽ നിന്ന് 1.2 ശതമാനം കുറയുമ്പോൾ കോൺഗ്രസ് 40 ശതമാനം ഉറപ്പിക്കും. അതേസമയം 18.7ൽ നിന്ന് 21.3ലേക്ക് മറ്റ് പാർട്ടികൾ മുന്നേറും.

ഇരുനൂറ് നിയമസഭാ സീറ്റുകളുള്ള രാജസ്ഥാനിൽ 130 സീറ്റുകളുമായി കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് പ്രവചനം. ബിജെപി 57ഉം മറ്റ് പാർട്ടികൾ 13 സീറ്റും നേടുമെന്നും പ്രവചിക്കുന്നു. 2013 തെരഞ്ഞെടുപ്പിൽ ബിജെപി 163 സീറ്റുകൾ നേടി വമ്പൻ മാർജിനിൽ ജയിച്ച സംസ്ഥാനമാണിത്. കോൺഗ്രസിന് വെറും 21 സീറ്റ് മാത്രമാണ് അന്ന് ലഭിച്ചത്. മറ്റ് പാർട്ടികൾക്ക് കിട്ടിയത് 16 സീറ്റുകളും. ബിജെപിയുടെ വോട്ട് വിഹിതം 2013ലെ 45.2ൽ നിന്ന് 36.8 ആയി ഇടിയുമെന്നും അഭിപ്രായ സർവേ വ്യക്തമാക്കുന്നു. അതേസമയം കോൺഗ്രസിൻറെ വോട്ടുവിഹിതം 33.1ൽ നിന്ന് 50.8ലേക്ക് കുതിച്ചുയരും. മറ്റ് പാർട്ടികളുടെ വോട്ട് വിഹിതം 21.7ൽ നിന്ന് 12.4ലേക്ക് കുറയുമെന്നതും ശ്രദ്ധേയമാണ്.