സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു: പരക്കെ ഉരുൾപൊട്ടലും മണ്ണിടിച്ചിലും

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. കണ്ണൂർ കൊട്ടിയൂരിൽ വീണ്ടും ഉരുൾപൊട്ടലുണ്ടായി. ബാവലിപ്പുഴയും ചീങ്കണ്ണിപ്പുഴയും കരകവിഞ്ഞ് ഒഴുകുകയാണ്. പല വീടുകളിലും വെളളം കയറി.

കോഴിക്കോട് പുല്ലുരാംപാറ മറിപ്പുഴ വനത്തിൽ ഉരുൾപൊട്ടി. കണ്ണപ്പൻകുണ്ട് പുഴയിൽ വെളളപ്പാച്ചിലുണ്ടായി. സുരക്ഷിത സ്ഥലങ്ങളിലേക്ക് ഓടിക്കയറിയവർ ഒറ്റപ്പെട്ടു. കക്കയം ഡാം വീണ്ടും തുറന്നു. വയനാട് മട്ടിക്കുന്ന് വനത്തിലും ഉരുൾപൊട്ടലുണ്ടായി. താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിൽ മണ്ണിടിച്ചിലുണ്ടായി. മലപ്പുറം ആഢ്യൻപാറയിൽ വ്യാപക ഉരുൾപൊട്ടൽ. ഇടുക്കി മൂന്നാർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മാട്ടുപ്പെട്ടി ഡാം തുറന്നു വിട്ടതിനെത്തുടർന്ന് റോഡുകളിൽ വെളളം കയറി. അടിമാലി കൊന്നത്തടിയിൽ മണ്ണിടിഞ്ഞു വീണ് മൂന്ന് വീടുകൾ തകർന്നു.