കേരളം ഒന്നിച്ചു നിന്നാൽ ഏത് ദുരന്തവും നേരിടാം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഒന്നിച്ച് നിന്നാൽ ഏത് വലിയ ദുരന്തവും നേരിടാൻ കഴിയുമെന്ന സന്ദേശമാണ് കേരളം നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വലിയ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ സ്വാതന്ത്ര്യദിനം എത്തിയിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയും വലിയ ദുരന്തമുണ്ടായിട്ടില്ല. കേന്ദ്രസംസ്ഥാന സർക്കാരുകളും ജനങ്ങളാകെയും ഒന്നിച്ചു നിന്നാണ് ഈ ദുരന്തത്തെ അതിജീവിക്കുന്നത്. നാം ഒന്നിച്ചു നിന്നാൽ ഏതു കൊടിയ ദുരന്തവും നേരിടാൻ കഴിയും എന്ന സന്ദേശമാണ് പ്രളയകാലത്തെ ജനങ്ങളുടെ കൂട്ടായ്മ നൽകുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമതികൾ കാര്യമായ തോതിൽ സഹായമെത്തിക്കുന്ന ഘട്ടമാണിത്. ഏതു തുകയും ചെറുതല്ല, വലുതുമല്ല. ഈ ബോധത്തോടെ എല്ലാവരും ആത്മാർത്ഥമായി ഈ രംഗത്ത് സഹായിക്കുകയും സഹകരിക്കുകയും ചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഈ വിധത്തിലുളള ജീവകാരുണ്യ നടപടികളിലൂടെയാവട്ടെ ഇക്കൊല്ലത്തെ നമ്മുടെ സ്വാതന്ത്ര്യദിനാഘോഷമെന്നും അദ്ദേഹം പറഞ്ഞു.