സംസ്ഥാനത്ത് അതീവ ജാഗ്രത; 14 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെവരെ ഓറഞ്ച് അലർട്ടായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ മഴകുറയാത്തതിനാൽ മുഴുവൻ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം മുതൽ വടക്കോട്ടുള്ള ജില്ലകളിൽ നാളെയും റെഡ് അലർട്ട് ആയിരിക്കും.

ഇന്ന് മാത്രം എഴുപേരാണ് മഴക്കെടുതിയിൽ മരിച്ചത്. സംസ്ഥാനത്തെ മഴ ദുരിതത്തിന് ഉടൻ ആശ്വാസമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. ഒറീസ്സ തീരത്തെ ന്യൂനമർദ്ദം ശക്തമായതാണ് കേരളത്തിൽ കനത്ത മഴക്ക് കാരണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലിയിരുത്തി. പ്രളയക്കെടുതി നേരിടാൻ മനുഷ്യാസാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്. പമ്പ, ഭാരതപ്പുഴ, പെരിയാർ തുടങ്ങി സംസ്ഥാനത്തെ എല്ലാ നദികളും കരകവിഞ്ഞു. 33 ഡാമുകൾ തുറന്നു വിട്ടു. നദീ തീരത്തുള്ളവർക്ക് അതീവ ജാഗ്രതാ സന്ദേശം നൽകി. മഴ രൂക്ഷമായതിനാൽ നാല് ദിവസത്തേക്ക് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിരിക്കുകയാണ്.