പമ്പ ത്രിവേണി കരകവിഞ്ഞു; ശബരിമല ഒറ്റപ്പെട്ടു

പത്തനംതിട്ട: ശബരിമലയും പമ്പയും പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. പമ്പയിലും പരിസര പ്രദേശങ്ങളിലും ഉരുൾപ്പൊട്ടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. വെള്ളപ്പൊക്കത്തെത്തുടർന്ന് പമ്പയിലെയും ത്രിവേണിയിലെയും പാലങ്ങൾ വെള്ളത്തിനടിയിലാണ്. ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാൽ ശബരിമലയിലും പമ്പയിലും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തർ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് കർശന നിർദ്ദേശം നൽകി.  പത്തനംതിട്ടയിലെ കൊച്ചു പമ്പ, മൂഴിയാർ അടക്കമുള്ള ഡാമുകളിലെ നീരൊഴുക്ക് ക്രമാതീതമായി ഉയരുകയാണ്. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു..പമ്പ മുതൽ ഗണപതി ക്ഷേത്രം വരെയുള്ള മണി മണ്ഡപവും നടപന്തലും വിശ്രമകേന്ദ്രവും കെട്ടിടങ്ങളും ഹോട്ടലുകളുമെല്ലാം വെള്ളക്കെട്ടിലാണ്.

പമ്പയിലേക്കുള്ള ബസ്സ് സർവ്വീസ് കെ.എസ് ആർ ടി സി നിർത്തിവച്ചു. വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വെള്ളത്തിനടിയിലായിരിക്കുകയാണ്. വൈദ്യുതി ബന്ധവും ഫോൺ ബന്ധവും തകരാറിലായിട്ടുണ്ട്. പമ്പയിലേക്ക് വരുന്ന വാഹനങ്ങൾ നിലയ്ക്കലിൽ തടഞ്ഞ് തിരിച്ചയക്കാനും പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.