സ്വകാര്യ കമ്പനികളുടെ തൊഴിലാളി ചൂഷണത്തിനെതിരെ ഖത്തര്‍ തൊഴില്‍ മന്ത്രാലയം

ദോഹ: ഖത്തറില്‍ സ്വകാര്യ കമ്പനികള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നുവെന്ന പരാതിയില്‍ കര്‍ശന നടപടികളുമായി തൊഴില്‍ മന്ത്രാലയം. രാജ്യത്ത് തൊഴിൽ സമയം നിശ്ചയിച്ചുള്ള നിയമം തൊഴിലുടമകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ വരും ദിവസങ്ങളില്‍ നിരീക്ഷണം ശക്തമാക്കും.

നിയമലംഘനം നടത്തുന്ന തൊഴിലുടമകൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും തൊഴില്‍ മന്ത്രാലയം വാർത്ത  കുറിപ്പിലൂടെ വ്യക്തമാക്കി. ദോഹയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്നതായും കുറഞ്ഞ വേതനം പോലും ലഭിക്കുന്നില്ലെന്നും കാട്ടി ചില മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകളെ തുടര്‍ന്നാണ് തൊഴില്‍ മന്ത്രാലയത്തിന്‍റെ പ്രതികരണം. അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ തൊളിലാളികൾ റിപ്പോർട്ട് ചെയ്യണമെന്നും  മന്ത്രാലയം.

അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായും തൊഴിലാളികളുടെ രാജ്യങ്ങളുമായും സഹകരിച്ച് ഖത്തറിലേക്ക് വരുന്നതിന് തൊഴിലാളിയിൽ നിന്ന് റിക്രൂട്ട്മെൻറ് ഫീസ് ഈടാക്കുന്നത് തടയുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിൽ വിസ സേവന കേന്ദ്രങ്ങളും ആരംഭിക്കുന്നുണ്ട്. രാജ്യത്ത്‌ തൊഴിലുകൾക്കായി വരുന്നവർക്ക് എല്ലാവിധ നിയമ  സംരക്ഷണം ഒരുക്കുമെന്നും  കുറിപ്പിൽ പറയുന്നു.