മഴക്കെടുതി: സൗദിയിൽ മരണം പതിനാലായി

റിയാദ്: സൗദിയിൽ വിവിധയിടങ്ങളിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം പതിനാലായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മലവെള്ളപ്പാച്ചിലിൽ പെട്ട മൂന്നൂറോളം പേരെ രക്ഷപ്പെടുത്തി. രണ്ട് ദിവസം കൂടി കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാവൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഒരാഴ്ചക്കിടെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ വലിയ നാശ നഷ്ടങ്ങൾ സംഭവിച്ചിരുന്നു മലവെളളപ്പാച്ചിലും വെള്ളപ്പൊക്കത്തിലും പലയിടങ്ങളിലും ജനങ്ങൾ ഒറ്റപ്പെട്ടു.

സിവിൽ ഡിഫൻസ് ഡയറക്ടറേറ്റാണ് മരിച്ചവരുടേയും രക്ഷപ്പെടുത്തിയവരുടേയും കണക്ക് പുറത്ത് വിട്ടത്. മക്കയിൽ നാലു പേർ മരിച്ചതായാണ് റിപ്പോർട്ട്. ഒറ്റപ്പെട്ട 115 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അൽബാഹയിൽ മൂന്ന് പേർ മരിച്ചു. മഴക്കെടുതിയെ തുടർന്നുള്ള അപകടത്തിൽ കിഴക്കൻ പ്രവിശ്യയിൽ രണ്ട് പേരും മരിച്ചു. റിയാദ്, തബൂക്ക്, അസീർ, ഹാഇൽ എന്നിവിടങ്ങളിലും ആളുകൾ മരിച്ചതായി റിപ്പോർട്ടുണ്ട്. ഇന്നും നാളെയും രാത്രിയിൽ മഴ ഒറ്റപ്പെട്ട മേഖലകളിൽ ശക്തമാകും.