കുട്ടികള്‍ക്ക് ക്രൂരപീഡനം; അച്ഛനും രണ്ടാനമ്മയും പോലീസ് പിടിയില്‍

കൊല്ലം:പത്തനാപുരത്ത് പതിനൊന്നും,മൂന്നും വയസുള്ള കുട്ടികളെ പീഡിപ്പിച്ച  അച്ഛനും രണ്ടാനമ്മയും പോലീസ് പിടിയില്‍.പുന്നല കരിമ്പാലൂര്‍ ആര്‍ഷ ഭവനില്‍ ഷിബു(42),ഇയാളുടെ രണ്ടാംഭാര്യ ശ്രീലത(38)എന്നിവരെയാണ് പിടികൂടിയത്. കുട്ടികളെ രണ്ടാനമ്മയായ ശ്രീലത മര്‍ദിക്കുന്നത് പതിവായിരുന്നു. മര്‍ദനത്തിന് പുറമേ ശരീരത്തില്‍ ചട്ടുകം വച്ച് പൊള്ളിക്കുകയും ചെയ്യുമായിരുന്നു.വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന ഭീഷണിപ്പെടുത്തിയിരുന്നതുകൊണ്ട് കുട്ടി ഈ വിവരം ആരോടും പറഞ്ഞിരുന്നില്ല. ഷിബുവും മിക്കപ്പോഴും കുട്ടികളെ മര്‍ദിച്ചിരുന്നു.
ബന്ധുക്കളുമായോ,അയല്‍വാസികളുമായോ അടുപ്പമില്ലാതെ ജീവിച്ചിരുന്ന ഇവര്‍ കുട്ടികളെയും ആരോടും അടുപ്പമുണ്ടാക്കാതെയാണ് വളര്‍ത്തിയത്. ഇളയകുട്ടി കുട്ടി കട്ടിലില്‍ മൂത്രമൊഴിക്കുന്നതിനും മര്‍ദിച്ചിരുന്നു. പത്തനാപുരത്തെ സ്വകാര്യ സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ് മൂത്ത കുട്ടി.പീഡന വിവരങ്ങൾ ക്ലാസ് ടീച്ചറോട് നിരവധി തവണ പറഞ്ഞിട്ടും കാര്യമാക്കിയില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം കുട്ടികളുടെ അമ്മയുടെ അമ്മയോട് നാട്ടുകാർ വിവരം ധരിപ്പിച്ചു.ഇതിനെ തുടർന്ന് കുട്ടികളുടെ മുത്തശി സ്കൂളിൽ എത്തുകയും പോലീസിൽ പരാതിപ്പെടുകയായിരുന്നു. ശ്രീലതയുടെ ആദ്യ ഭർത്താവ് ഗൾഫിലായിരുന്നപ്പോൾ വസ്തുവും വീടും ശ്രീലത സ്വന്തമാക്കി 35 ലക്ഷം രൂപയ്ക്ക് വിറ്റതായി നേരത്തേ പരാതിയുണ്ടായിരുന്നു.കുട്ടികളുടെ അമ്മ ഇളയകുട്ടിയെ പ്രസവിച്ച് പത്താം ദിവസം മരണപ്പെട്ടതാണ്. സ്വകാര്യ ബസ്സിലെ ഡ്രൈവർ ആയിരുന്ന ഷിബുവിനെ പ്രണയിച്ച് ഒപ്പം കൂടുകയായിരുന്നു ശ്രീലത. ആദ്യ ഭാര്യയുടെ മരണത്തിലും ദുരൂഹതയുള്ളതായി പറയുന്നു.
 ഡ്രൈവർ ജോലി മതിയാക്കി ഷിബു ഗൾഫിൽ ജോലിയിലായിരുന്നു. അടുത്തിടെയാണ് ഷിബു നാട്ടിൽ എത്തിയത്.ഇന്നലെ തിരികെ ഗൾഫിലേക്ക് മടങ്ങാനിരുന്നതാണ്.
കുട്ടികളെ ബന്ധുവീടുകളിൽ നിന്നകന്ന് പിടവൂരിൽ സത്യന്‍മുക്കിൽ പുതിയ വീടു വച്ച് താമസിച്ചു വരികയായിരുന്നു. ഷിബു ഗൾഫിലായിരുന്നപ്പോഴും ശ്രീലത സമയത്തിന് ആഹാരം പോലും നല്കിയിരുന്നില്ലന്ന് കുട്ടികൾ പറയുന്നു. ശ്രീലതയുമായി ചേർന്ന് ഷിബുവും ക്രൂരതയ്ക്ക് കൂട്ട് നിന്നിരുന്നു. ശ്രീലതയ്ക്ക് ആദ്യ വിവാഹത്തിൽ ഒരു മകനുണ്ട്. ആദ്യ ഭർത്താവിന്റെ വസ്തുവകകൾ കൈവശപ്പെടുത്തിയതിന്റെ പേരിൽ ശ്രീലതയെക്കതിരെ കേസ് നിലവിലുണ്ട്. ബന്ധു വീട്ടിൽ ഒളിവിലായിരുന്ന ശ്രീലതയെ ഇന്നലെയാണ് പിടികൂടിയത്. സർക്കിൾ ഇൻസ്പെക്ടർ അൻവർ, എസ്.ഐ പുഷ്പകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി യ പ്രതികൾക്ക് ജാമ്യം അനുവദിച്ചു. ശിശുക്ഷേമസമിതിയും കേസെടുത്തിട്ടുണ്ട്.  ശരീരമാസകലം പൊള്ളിയ പാടുകളുള്ള മൂത്ത കുട്ടി പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.