12 മണിക്കൂറിന് ശേഷം അഗ്നിബാധ നിയന്ത്രണ വിധേയം; 500 കോടിയുടെ നഷ്ടം

തിരുവനന്തപുരം: മണ്‍വിളയില്‍ ഉണ്ടായ വന്‍ തീപിടിത്തം നിയന്ത്രണ വിധേയമാക്കി. ഇന്നലെ വൈകീട്ട് ഏഴേ കാലോടെ ആരംഭിച്ച അഗ്നിബാധ ഏതാണ്ട് പന്ത്രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് നിയന്ത്രണ വിധേയമായത്.  40 യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. വിഷപ്പുക ശ്വസിച്ച് രണ്ടു പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. 500 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി കമ്പനി അധികൃതർ അറിയിച്ചു. ചിറയിൻകീഴ് സ്വദേശി സിംസണിന്റ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

തീപിടുത്തമുണ്ടായ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ നിന്ന് മാറി നിൽക്കാന്‍ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. പ്രദേശത്തെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.അഞ്ച് നില കെട്ടിടം ഏതാണ്ട് പൂര്‍ണ്ണമായും കത്തിയിരുന്നത് കൊണ്ട് കെട്ടിടത്തിന് ബലക്ഷയമുണ്ട്. അതുകൊണ്ട് തന്നെ കെട്ടിടത്തിന് സമീപത്തേക്ക് പോകുകയെന്നത് ഏറെ ശ്രമകരമാണ്. ഏത് നിമിഷവും കെട്ടിടം നിലംപതിക്കാമെന്ന നിലയിലാണ്. കത്തിയ കെട്ടിടത്തിനോട് ചേര്‍ന്ന് മൂന്ന് കെട്ടിടങ്ങുണ്ട്. ഇവ ഇപ്പോള്‍ സുരക്ഷിതമാണ്. ഇന്നലെ അഗ്നിബാധ തുടങ്ങിയ നേരത്ത് തന്നെ കത്തിയ കെട്ടിടത്തില്‍ നിന്നും തീ മറ്റ് കെട്ടിടത്തിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ ഏടുത്തതിനാല്‍ കൂടുതല്‍ ദുരന്തമുണ്ടാകുന്നത് തടയാന്‍ കഴിഞ്ഞു.