വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ ഇനിമുതൽ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടും

ഡൽഹി: ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ് ആപ്പിൽ ഇനിമുതൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെടും. ഇത് സംബന്ധിച്ച പ്രഖ്യാപനം വാട്സ് ആപ്പ് വൈസ് പ്രസിഡന്‍റ് ക്രിസ് ഡാനിയേല്‍സ് നടത്തി. എന്നാല്‍, എന്നുമുതലാകും പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങുക എന്നത് സംബന്ധിച്ച് പ്രഖ്യാപിച്ചിട്ടില്ല. അടുത്ത വര്‍ഷം മുതലാകും ഇത് നടപ്പില്‍ വരുകയെന്നാണ്  അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്രയും നാള്‍ പരസ്യമില്ലാതെയാണ് വാട്സ് ആപ്പ് സേവനം നല്‍കിയിരുന്നത്.

ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലായിരിക്കും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുക. പരസ്യങ്ങളിലൂടെ കമ്പനികളില്‍ നിന്നും ക്ലൈന്‍റുകളില്‍ നിന്നും വാട്സ് ആപ്പിന് വരുമാനം ലഭിക്കും. 2014ൽ ഫേസ്ബുക്ക് ഏറ്റെടുത്ത വാട്സ് ആപ്പിന് ഇന്ത്യയില്‍ മാത്രം 25 കോടി ഉപഭോക്താക്കളുണ്ടെന്നാണ് കണക്കാക്കുന്നത്.