തിരുവനന്തപുരത്ത് എൻ.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം

തിരുവനന്തപുരം: പാപ്പനംകോട് മേലാംകോട് എൻ.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ചട്ടമ്പി സ്വാമി സ്മൃതി മണ്ഡപത്തിന്റെ ചില്ലുകളും തകർത്തിട്ടുണ്ട്. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പേരിൽ റീത്തും വച്ചിട്ടുണ്ട്. എൻഎസ്എസിനെ വിമർശിച്ചുകൊണ്ടുള്ള റീത്താണ് വച്ചിരുന്നത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ എൻഎസ്എസ് നാമജപ യജ്ഞം നടത്തിയിരുന്നു. ഇതിൽ പ്രകോപിതരായവരാണ് ആക്രമണത്തിന് പിന്നിലെന്ന് എൻഎസ്എസ് ഭാരവാഹികൾ ആരോപിച്ചു. തുടർച്ചയായി സാമൂഹ്യവിരുദ്ധ ശല്യം ഉണ്ടാകാറുണ്ടെന്നും ദിവസങ്ങൾക്ക് മുമ്പ് ശ്രീനാരായണ ഗുരു പ്രതിമ തകർക്കാൻ ശ്രമം നടന്നതായും അവർ പറഞ്ഞു.