കളി എൻഎസ്എസിനോട് വേണ്ട: ഏത് സാഹചര്യത്തെയും നേരിടാനുള്ള കരുത്തുണ്ടെന്ന് സുകുമാരൻ നായർ

കോട്ടയം: പാപ്പനംകോട് കരയോഗ മന്ദിരത്തിനുനേരെ ഉണ്ടായ ആക്രമണത്തിൽ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.
എൻഎസ്എസ് കരയോഗ മന്ദിരങ്ങൾക്കുനേരെ അക്രമണം നടത്തിയതിന് പിന്നിൽ ആരാണന്ന് നല്ലവണ്ണമറിയാം. ഇത്തരം കളികൾ എൻഎസ്എസിനോട് വേണ്ട. ഏത് സാഹചര്യത്തെയും നേരിടാനുള്ള കരുത്ത് എൻഎസ്എസിനും സമുദായ അംഗങ്ങൾക്കും ഉണ്ടെന്നും സുകുമാരൻ നായർ വാർത്താകുറിപ്പിൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാത്രിയാണ് പാപ്പനംകോട് മേലാംകോട് എൻ.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം ഉണ്ടായത്. ചട്ടമ്പി സ്വാമി സ്മൃതി മണ്ഡപത്തിന്റെ ചില്ലുകളും തകർത്തിട്ടുണ്ട്. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പേരിൽ റീത്തും വച്ചു. എൻഎസ്എസിനെ വിമർശിച്ചുകൊണ്ടുള്ള റീത്താണ് വച്ചിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.