ശിവദാസന്റെ മരണം രക്തസ്രാവത്തെ തുടർന്ന്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട: ളാഹയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പന്തളം സ്വദേശി ശിവദാസന്റെ മരണകാരണം രക്തസ്രാവത്തെ തുടർന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. രക്തസ്രാവം ഉണ്ടായത് തുടയെല്ലിന് പൊട്ടിയതിനെത്തുടർന്നെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ കാര്യമായ ക്ഷതങ്ങളില്ല. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുള്ളതായും പുറത്ത് വിട്ട പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ശിവദാസന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പത്തനംതിട്ടയിൽ ബിജെപി ഹർത്താൽ നടത്തി. നിലയ്ക്കലിൽ നടന്ന പൊലീസ് നടപടിയിലാണ് ശിവദാസൻ മരിച്ചതെന്നാണ് ബിജെപി പ്രവർത്തകരുടെ ആരോപണം. പരാതി ലഭിച്ചിട്ടും പൊലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കളും ആരോപിക്കുന്നു.

എന്നാൽ ശിവദാസിന്റെ മരണം പോലിസ് നടപടിയിൽ അല്ലെന്ന് വ്യക്തമാക്കി പോലിസ് രംഗത്ത് എത്തിയിരുന്നു. ശിവദാസന്റെ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യക്തമായ തെളിവുകളുമായി പോലിസ് രംഗത്ത് എത്തിയതോടെ ഹർത്താൽ പ്രഖ്യാപിച്ച ബി.ജെ.പി വെട്ടിലായിരിക്കുകയാണ്. നിലക്കൽ റൂട്ടിൽ കമ്പകത്തുംവളവിലാണ് മൃതദേഹം കണ്ടെത്തിയത്. നിലക്കലിൽ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. അക്രമികൾക്കെതിരെ പൊലീസ് നടപടി മുഴുവൻ നടന്നത് നിലക്കൽ- പമ്പ റൂട്ടിലാണ്. അതായത് പൊലീസ് നടപടിയെതുടർന്നാണ് ഇദ്ദേഹത്തെ കാണാതായത് എന്ന പ്രചരണം ശരിയല്ലന്ന് പോലിസ് പറയുന്നു. നിലക്കൽ പമ്പ റൂട്ടിൽ നടന്ന പ്രശ്‌നത്തിൽ എങ്ങനെയാണ് ളാഹയിൽ ഒരാൾ മരിക്കുന്നത് എന്ന് പോലിസ് ചോദിക്കുന്നു. ശിവദാസൻ വീട്ടിൽനിന്നും ശബരിമലയിലേക്ക് തിരിച്ചത് 18ന് രാവിലെയാണെന്ന് മകൻ പോലിസിന് നൽകിയ മൊഴിയിൽ പറയുന്നു. ശബരിമലയിൽ അക്രമികൾക്കെതിരെ പൊലീസ് നടപടി എടുത്തത് 16 നും 17നും മാത്രമാണ്. മരിച്ചയാളുടെ ഇരുചക്ര വാഹനം ആ സ്ഥലത്ത് കണ്ടെടുത്തിയിരുന്നു.