തൊഴില്‍ നിയമലംഘനം: ഖത്തറിൽ 12000 ത്തോളം കമ്പനികളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കി

ദോഹ: തൊഴില്‍ നിയമം പാലിക്കാത്ത 12000 ത്തോളം കമ്പനികളുടെ പ്രവര്‍ത്തനാനുമതി ഖത്തര്‍ റദ്ദാക്കിയതായി റിപ്പോർട്ട്. ശക്തമായ തൊഴില്‍ നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഖത്തര്‍. ഈ വര്‍ഷം പകുതിയോടെ തന്നെ 19000 പരിശോധനകളാണ് തൊഴില്‍മേഖലയില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പൂര്‍ത്തിയാക്കിയത്.  റിക്രൂട്ട്മെൻറ് ഫീസ് തൊഴിലാളിയിൽ നിന്ന് ഈടാക്കുന്നത് നിയമ വിരുദ്ധമാണെന്ന്‌ തൊഴിൽ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇതിനെതിരെ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുമായിച്ചേര്‍ന്ന്  ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

ദോഹയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായി കാട്ടി ‘ദ ഗാര്‍ഡിയന്‍’ പത്രം നല്‍കിയ റിപ്പോര്‍ട്ടിനോട് പ്രതികരിക്കവെ ബ്രിട്ടനിലെ ഖത്തര്‍ ഉപസ്ഥാനപതി ശൈഖ് ഥാമര്‍ ബിന്‍ ഹമദ് അല്‍ത്താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായാണ് രാജ്യം മുന്നോട്ടുപോകുന്നതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ശൈഖ് ഥാമര്‍ അല്‍ത്താനി പറഞ്ഞു. നിയമലംഘനം നടത്തുന്ന തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കാട്ടി തൊഴില്‍മന്ത്രാലയവും രംഗത്ത് വന്നിരുന്നു.