അപകടത്തിൽപെട്ട കാറോടിച്ചത് ബാലഭാസ്‌കറല്ലെന്ന് ഭാര്യ ലക്ഷ്മിയുടെ മൊഴി

തിരുവനന്തപുരം: ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെടുമ്പോൾ കാറോടിച്ചിരുന്നത് ബാലഭാസ്‌കറല്ലായിരുന്നെന്ന് ഭാര്യ ലക്ഷ്മിയുടെ മൊഴി. ബാലഭാസ്‌കർ യാത്ര ചെയ്തത് പിൻസീറ്റിലായിരുന്നു. ദീർഘദൂരയാത്രകളിൽ ബാലഭാസ്‌കർ കാറോടിക്കാറില്ല. എന്നാൽ കാറോടിച്ചത് ബാലഭാസ്‌കറാണെന്നായിരുന്നു ഡ്രൈവർ അർജുൻ പൊലീസിന് നൽകിയിരുന്ന മൊഴി.

കൊല്ലത്ത് വച്ച് താനും ബാലഭാസ്കറും കരിക്കിൻ ഷേക് കുടിച്ചു. തുടർന്ന് വണ്ടിയോടിച്ചത് ബാലഭാസ്കറാണെന്നാണ് അർജുന്റെ മൊഴി നല്‍കിയത്. ലക്ഷ്മിയും മകളും മുൻവശത്തെ ഇടതു സീറ്റിലായിരുന്നുവെന്നും അപകടമുണ്ടാപ്പോൾ താന്‍ മയക്കത്തിലായിരുന്നുവെന്നും അർജുന്‍ മൊഴിയില്‍ പറയുന്നു.

സെപ്തംബര്‍ 25 നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. മകൾ തേജസ്വിനി ബാല അപകടത്തിൽ സ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കർ ഒകേ്ടാബര്‍ രണ്ടിനു പുലര്‍ച്ചെ മരണമടഞ്ഞു.