ഇന്ത്യാ വിൻഡീസ് ട്വന്റി-20 പോരാട്ടം ഇന്ന്; തിരിച്ചടിക്കാൻ സജ്ജരായി കരീബിയൻ പട

കൊൽക്കത്ത: ഇന്ത്യ-വിൻഡീസ് ട്വൻറി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് കൊൽക്കത്തയിൽ തുടക്കം. ഏകദിന പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ താരങ്ങൾ ഇന്ന് കളത്തിലിറങ്ങുന്നത്. അതേസമയം കനത്ത പരാജയം ഏറ്റുവാങ്ങിയ വിൻഡീസ് താരങ്ങൾ ട്വൻറി 20 യിലൂടെ മറുപടി പറയാനൊരുങ്ങിയാണ് പോരാട്ടത്തിരങ്ങുന്നത്. ഐപിഎല്ലിലെ വെടിക്കെട്ട ബാറ്റ്‌സമാൻമാരുടെ സാന്നിധ്യവും വിൻഡീസിന് പ്രതീക്ഷ നൽകുന്നു.

ട്വന്റി-20 പരമ്പരയിൽ കളി മാറുമെന്ന് വിൻഡീസ് മുൻ നായകൻ കാൾ ഹൂപ്പർ വ്യക്തമാക്കിയിരുന്നു. ടെസ്റ്റിൽ തകർന്നടിയുകയും, ഏകദിന പരമ്പരയിൽ ചെറുത്തുനിൽക്കുകയും ചെയ്ത വിൻഡീസ് ട്വന്റി-20യിൽ യഥാർത്ഥ ഫോമിലേക്ക് ഉയരുമെന്നാണ് കാൾ ഹൂപ്പറിന്റെ പ്രതീക്ഷ. ട്വന്റി-20 സ്പെഷ്യലിസ്റ്റുകളുടെ വരവ് ടീമിൻറെ കരുത്ത് കൂട്ടമെന്നും വിൻഡീസ് മുൻ നായകൻ പറഞ്ഞു. അതേസമയം വിൻഡീസിനെതിരെയുള്ള ട്വന്റി 20 മത്സരങ്ങൾ ടെസ്റ്റ്, ഏകദിനം പോലെയാവില്ലെന്നും ചെറുഫോർമാറ്റിൽ വിൻഡീസ് കരുത്തരാണെന്നും അതിനാൽ തന്നെ പരമ്പര ബുദ്ധിമുട്ടാവുമെന്നും മുൻ ഇന്ത്യൻ താരം സുനിൽ ഗവസ്‌കർ ഇന്ത്യൻ ടീമിന് മുന്നറിയിപ്പ് നൽകി.

കോഹ്ലിക്ക് പകരം രോഹിതാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. കാർലോസ് ബ്രാത്ത്വെയിറ്റാണ് ടി20യിൽ വിൻഡീസ് നായകൻ. എം എസ് ധോണിക്ക് പകരം ഇന്ത്യ റിഷഭ് പന്താണ് വിക്കറ്റ് കീപ്പറായെത്തുന്നത്്. കാർലോസ് ബ്രാത്ത്വെയ്റ്റ് നയിക്കുന്ന ടീമിൽ ഹെറ്റ്മെയർ, ഡാരൻ ബ്രാവോ കീറോൺ പൊള്ളാർഡ് എന്നിവരും ഇന്ന് പോരാട്ടത്തിനിറങ്ങും.