സന്നിധാനത്ത് കനത്ത സുരക്ഷ; വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു

സന്നിധാനം: ചിത്തിര ആട്ട ആഘോഷത്തിന് നട ഇന്ന് തുറക്കുന്ന സാഹചര്യത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് സന്നിധാനത്ത് 15 വനിതാ പൊലീസ് ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. 50 വയസ്സിന് മുകളിൽ പ്രായമുള്ള ഉദ്യോഗസ്ഥരെയാണ് സന്നിധാനത്ത് നിയോഗിച്ചിരിക്കുന്നത്. കൂടുതൽ സ്ത്രീകളെത്തിയാൽ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് വനിതാപൊലീസിനെ നിയോഗിച്ചിട്ടുള്ളത്. സിഐ- എസ്‌ഐ റാങ്കിലുളള വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കാണ് സന്നിധാനത്തെ ചുമതല. ഇന്ന് രാവിലെയാണ് അവർ സന്നിധാനത്തേക്ക് എത്തിയത്. ആദ്യമായാണ് സന്നിധാനത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥരെത്തുന്നത്.

പ്രതിഷേധക്കാരെ തടയുന്നതിന് ശക്തമായ പോലീസ് സുരക്ഷയാണ് ശബരിമലയിൽ ഒരുക്കിയിരിക്കുന്നത്. 20 കമാൻറോകളും 100 വനിത പൊലീസും അടക്കം 2300 പേരെയാണ്് ശബരിമലയിൽ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ശബരിമലയിലേക്കുള്ള എല്ലാ വഴികളിലും പരിശോധനയുണ്ട്.

തുലാമാസ പൂജ സമയത്ത് സംഘർഷങ്ങളിൽ ഉൾപ്പെട്ടവരെ തിരിച്ചറിയാൻ മുഖം തിരിച്ചറിയുന്ന ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇന്നും നാളെയും തിരിച്ചറിയൽകാർഡില്ലാതെ ആരെയും നിലയ്ക്കൽ മുതൽ കടത്തിവിടില്ല. തീർഥാടകരെ ഇന്ന് ഉച്ചയോടെയാകും പമ്പയിലേക്ക് കടത്തിവിടുക. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുന്നത്.