പെണ്‍കടുവയെ വെടിവെച്ചുകൊന്ന സംഭവം: വിവാദം കത്തുന്നു

മഹാരാഷ്ട്ര: യാവാത്മാൽ ജില്ലയിൽ  13 പേരെ കൊലപ്പെടുത്തിയെന്ന് കരുതപ്പെടുന്ന നരഭോജി കടുവയെ വെടിവെച്ചുകൊന്ന സംഭവം വിവാദമാകുന്നു. സംഭവത്തില്‍ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷമായി വിമർശനവുമായി വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയും പെറ്റ ഉൾപ്പെടെയുള്ള മൃഗസ്നേഹി സംഘടനകളും രംഗത്ത്‌.

മൃഗസ്നേഹികളുടെ എതിർപ്പും ആശങ്കയും വകവെക്കാതെ കടുവയെ കൊന്നുകളയാൻ ഉത്തരവിട്ട സംസ്ഥാന വനംമന്ത്രിയുടെ നടപടിയിൽ ഖേദമുണ്ടെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി വിഷയം സംസാരിക്കുമെന്നും ഈ വിഷയത്തിൽ നിയമപരമായ എല്ലാ നടപടികളും എടുക്കുമെന്നും വിവാദ ഷാർപ് ഷൂട്ടർ ഷഫാഅത്ത് അലി ഖാനെയും മകനെയും ദൗത്യം ഏൽപിച്ചതും പ്രതിഷേധാർഹമായ നടപടിയാണ്. 10 മാസം മാത്രം പ്രായമുള്ള രണ്ടു കുഞ്ഞുങ്ങൾ അതിജീവിക്കാനുള്ള സാധ്യത വിരളമാണെന്നും മേനകാ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

എന്നാല്‍ വനംമന്ത്രി മുംഗന്തിവാർ ആരോപണങ്ങൾ നിഷേധിച്ചു. മയക്കുവെടി വെച്ച് പിടികൂടാൻ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോൾ കടുവ ജീവനക്കാർക്കു നേരെ കുതിക്കുകയായിരുന്നുവെന്നും തുടർന്നാണ് കൊല്ലേണ്ടിവന്നതെന്നും വനംമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് മഹാരാഷ്ട്രയിലെ യാവാത്മാൽ ജില്ലയിലെ ബൊറാട്ടി വനത്തിൽ ജനങ്ങൾക്ക് ഭീഷണിയായിരുന്നു അവനിയെന്ന പെൺകടുവയെ വെടിവെച്ച് കൊന്നത്.  കടുവയെ  കണ്ടാല്‍ വെടിവെച്ച് കൊല്ലാന്‍ കഴിഞ്ഞ മാസം സുപ്രീംകോടതിയാണ്‌ ഉത്തരവിട്ടത്. അവ്‌നിയെ കൊല്ലരുതെന്നും ജീവനോടെ പിടികൂടിയാല്‍ മതിയെന്നും ആവശ്യപ്പെട്ട് കൊണ്ട് 9000 പേര്‍ ഒപ്പിട്ട ഹർജിയും സമര്‍പ്പിച്ചിരുന്നു.