‘യോഗത്തിൽ പറഞ്ഞതൊന്നും രഹസ്യമല്ല’; വിവാദ വെളിപ്പെടുത്തലിൽ വിശദീകരണവുമായി ശ്രീധരൻപിള്ള

തിരുവനന്തപുരം: ശബരിമല പ്രശ്‌നം ബി.ജെ.പിയുടെ സുവർണ്ണാവസരമെന്ന വിവാദ വെളിപ്പെടുത്തലിൽ വാശദീകരണവുമായി ബി.ജെ.പി അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. ശബരിമല വിഷയത്തിൽ പലരും തന്നോട് നിയമോപദേശം തേടിയിരുന്നു. തന്തിയോട് സംസാരിച്ചത് അഭിഭാഷകനെന്ന നിലയിലാണ്. കോടതിയലക്ഷ്യക്കേസിൽ കൂട്ടുപ്രതിയെന്ന നിലയിലാണു തന്ത്രിയുമായി സംസാരിച്ചതെന്നും ശ്രീധരൻപിള്ള പറഞ്ഞു. യുവമോർച്ചയുടെ യോഗത്തിൽ പറഞ്ഞതൊന്നും രഹസ്യമല്ല. താൻ പ്രസംഗിക്കുമ്പോൾ ഫേസ്ബുക്ക് ലൈവിലുൾപ്പെടെ പുറത്ത് വിട്ടിരുന്നു. പ്രവർത്തകരെ ഉത്തേജിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു തന്റെ പ്രസംഗം വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്നും വിവാദങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ് തള്ളുന്നുവെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.

അഭിഭാഷകനെന്ന നിലയിൽ എല്ലാ രാഷ്ട്രീയക്കാരും തന്റെ നിയമോപദേശം തേടിയിട്ടുണ്ട്. തന്ത്രി കണ്ഠരര് രാജീവര് താനുമായി സംസാരിച്ചത് നിയമോപദേശത്തിനാണ്. അഭിഭാഷകൻ എന്ന നിലയിലും വിശ്വാസി എന്ന നിലയിലും തൻറെ കടമയാണ്. തുലാമാസ പൂജയ്ക്കിടെ ശബരിമല നട അടച്ചിടാനുള്ള നീക്കം ബിജെപിയുമായി ആലോചിച്ചെന്ന് പി.എസ് ശ്രീധരൻ പിള്ള കോഴിക്കോട് നടന്ന യുവമോർച്ച യോഗത്തിൽ പറഞ്ഞിരുന്നു. യുവതികൾ ദർശനത്തിനായി സന്നിധാനത്തിന് അടുത്ത് എത്തിയപ്പോൾ തന്ത്രി കണ്ഠരര് രാജീവര് വിളിച്ചിരുന്നുവെന്നും തൻറെ ഉറപ്പിന്മേലാണ് സ്ത്രീകൾ സന്നിധാനത്തെ പ്രവേശിച്ചാൽ നട അടച്ചിടുമെന്ന് തന്ത്രി തീരുമാനിച്ചതെന്നും ശ്രീധരൻ പിളള ശബ്ദരേഖയിൽ പറഞ്ഞിരുന്നു.

അതേസമയം ശബരിമലയിൽ ഇടപെടരുതെന്നുള്ള ഹൈക്കോടതിയുടെ പരാമർശം സർക്കാരിനേറ്റ തിരിച്ചടിയാണെന്ന് ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടു. ശബരിമലയിൽ സർക്കാർ നടപ്പാക്കുന്നത് പാർട്ടി നയമാണെന്നും ആചാരങ്ങൾ ഇല്ലാതാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.