സംഘപരിവാറിന്റെ അജണ്ട പുറത്ത്, കോൺഗ്രസ്സിന്റെ അവസ്ഥ പരിതാപകരം: മുഖ്യമന്ത്രി

കണ്ണൂർ: ബി.ജെ.പി അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയുടെ വിവാദ പ്രസംഗത്തോടെ സംഘപരിവാറിന്റെ അജണ്ട വ്യക്തമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ വിഷയത്തിൽ കോൺഗ്രസ് എവിടെയാണ് നിൽക്കുന്നതെന്നും കോൺഗ്രസ്സിന്റെ അവസ്ഥ പരിതാപകരമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.

കേരളത്തിൽ വിശ്വാസികളുടെ പേരിൽ കലാപമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിച്ചതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തിൽ ബിജെപിയുടെ രാഷ്ട്രീയ ഇടപെടലാണ് ഉണ്ടായതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. പ്രസംഗത്തിൽ കോൺഗ്രസ്സിനെയും മുഖ്യമന്ത്രി കടന്നാക്രമിച്ചു. സംഘപരിവാർ നടത്തിയ പ്രക്ഷോഭത്തിൽ കോൺഗ്രസ് അണികളെ വിട്ടുകൊടുത്തുവെന്നും ഇതിൽ എത്രപേർ തിരികെ എത്തുമെന്ന് കണ്ടറിയാമെന്നും കാര്യത്തിന്റെ ഗൗരവം തിരിച്ചറിയാതെയാണ് കോൺഗ്രസ്സ് പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ പറഞ്ഞു.