സന്നിധാനത്ത് മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം

സന്നിധാനം: ശബരിമല സന്നിധാനത്ത് മാധ്യമപ്രവർത്തകർക്ക് നേരെ പ്രതിഷേധക്കാരുടെ കയ്യേറ്റശ്രമം. പൊലീസിൻറെ സാന്നിധ്യത്തിലായിരുന്നു മാധ്യമപ്രവർത്തകർക്ക് നേരെ തീർത്ഥാടകർ പ്രതിഷേധം നടത്തിയത്. തിരൂർ സ്വദേശികളായ സ്ത്രീകൾ ദർശനം നടത്തി മടങ്ങിയതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമം നടന്നത്. പ്രതിഷേധക്കാരുടെ ദൃശ്യങ്ങൽ പകർത്തുന്നതിനിടെയാണ് മാധ്യമപ്രവർത്തകന് നേരെ അക്രമുണ്ടായത്.

രാവിലെ ദർശനത്തിനെത്തിയ സ്ത്രീകളുടെ പ്രായത്തിൽ സംശയിച്ച് തീർത്ഥാടകർ വലിയനടപ്പന്തലിൽ പ്രതിഷേധിച്ചിരുന്നു. തുടർന്ന് ഇവർ 50 വയസ്സ് തികഞ്ഞവരാണെന്ന് പൊലീസ് വ്യക്തമായതോടെ പ്രതിഷേധം അവസാനിപ്പിച്ചു. തുടർന്ന് പ്രതിഷേധക്കാർ തന്നെ സന്നിധാനത്തെത്തി സ്ത്രീകൾക്ക് ദർശനത്തിന് അവസരമൊരുക്കുകയായിരുന്നു. ഇന്നലെ നട തുറന്നപ്പോൾ ദർശനം നടത്താൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് യുവതി പൊലിസിനെ സമീപിച്ചിരുന്നു. എന്നാൽ പ്രതിഷേധം കനത്തതോടെ പൊലീസ് അവരെ മടക്കി അയക്കുകയായിരുന്നു.