ബിജെപിയെ കൈവിട്ട്‌ ബെല്ലാരി; കോൺഗ്രസ് വിജയത്തിലേക്ക്‌

ബെംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ബെല്ലാരി ലോക്സഭാ മണ്ഡലത്തിൽ പതിനാല് വര്‍ഷത്തിന് ശേഷം കോൺഗ്രസിന് വിജയം. കോണ്‍ഗ്രസിന്റെ വി.എസ് ഉഗ്രപ്പയാണ് ഏറ്റവും വലിയ ഭൂരിപക്ഷമായ 4.78 ലക്ഷം വോട്ടുകള്‍ക്ക് ബിജെപിയെ തോൽപ്പിച്ചത്‌. മൂന്നു ലോക്സഭാ രണ്ടു നിയമസഭാ സീറ്റുകളിലേക്കു നടത്തിയ ഉപതെരഞ്ഞെടുപ്പിൽ നാലിലും കോൺഗ്രസ് ജെഡിഎസ് സഖ്യമുണ്ടാക്കിയത് മികച്ച നേട്ടമാണ്.

2014 ലെ തെരഞ്ഞെടുപ്പ് വരെ കോൺഗ്രസിന്റെ കൈയിലായിരുന്നു ബെല്ലാരി പിന്നീട് ബിജെപിയുടെ കോട്ടയാകുകയായിരുന്നു. ഈ ഉപതെരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് തങ്ങളുടെ പഴയെ ഉറച്ച പ്രതാപ കോട്ടയാണ് പിടിച്ചടക്കിയിരിക്കുന്നത്. ബിജെപിയുടെ ശ്രീരാമുലു കോൺഗ്രസിന്റെ എൻ.വൈ ഹനുമന്തപ്പയെ 85000 വോട്ടിന് തോൽപ്പിച്ചായിരുന്നു മുൻപ് മണ്ഡലം പിടിച്ചടക്കിയിരുന്നത്. പരസ്പര ധാരണ പ്രകാരം ജെഡിഎസ് ബെല്ലാരിയിൽ മത്സരിക്കാത്തതും കോണ്‍ഗ്രസിന് നേട്ടമായി. വി.എസ് ഉഗ്രപ്പയോട്‌ മത്സരിച്ച് പരാജയപ്പെട്ട ജെ.ശാന്ത ശ്രീരാമുലുവിന്റെ സഹോദരിയാണ്‌.