സനലിന്റെ മൃതദേഹവുമായി നെയ്യാറ്റിൻകരയിൽ റോഡ് ഉപരോധം

തിരുവനന്തപുരം: ഡിവൈഎസ്പി ഹരികുമാറുമായുണ്ടായ തർക്കത്തിനിടെ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തിൽ നെയ്യാറ്റിൻകരയിൽ നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്നു. ഡിവൈഎസ്പി ഹരികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സനൽകുമാറിന്റെ മൃതദേഹവുമായി റോഡ് ഉപരോധിക്കുന്നത്. നിരവധിയാളുകളാണ് റോഡുപരോധിച്ച് പ്രതിഷേധിക്കാനെത്തിയത്. പ്രതിഷേധത്തെ തുടർന്ന് തിരുവനന്തപുരം-നാഗർകോവിൽ റോഡിൽ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.

ഇന്നലെ രാത്രിയോടെയാണ് സനലിന്റെ മരണത്തിനിടയാക്കിയ സംഭവം നടന്നത്. നെയ്യാറ്റിൻകര കിടങ്ങാംവിളയിൽ ഡിവൈഎസ്പി യുടെ വാഹനത്തിനു മുന്നിൽ സനൽ വാഹനം പാർക്ക് ചെയ്തിരുന്നു. അതിൽ പ്രകോപിതനായ ഡിവൈഎസ്പി വാഹനം മാറ്റാൻ സനലിനോട് ആവശ്യപ്പെട്ട് സനലിനോടു കയർക്കുകയായിരുന്നു. തർക്കത്തിനിടെ യുവാവിനെ റോഡിലേക്ക് പിടിച്ചു തള്ളി. ആ സമയം എതിരെ വന്ന വാഹനം ഇടിക്കുകയും സനലിന് ഗുരുതരമായി പരുക്ക് പറ്റുകയും ചെയ്തു. എന്നാൽ സനലിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഡിവൈഎസ്പി തയ്യാറാകാതിരുന്നതിനെത്തുടർന്ന് എസ്. ഐ എത്തി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ആശുപത്രി അധികൃതർ നിർദേശിച്ചു. എന്നാൽ മെഡിക്കൽ കോളജിലെത്തിയപ്പോഴും സനൽ മരിച്ചിരുന്നു. സംഭവശേഷം ഡിവൈഎസ്പി ഹരികുമാറുമാർ ഒളിവിൽ പോയിരിക്കുകയാണ്.